Top

'കുത്തിത്തിരിപ്പിന് സതീശന് 25 സ്റ്റാഫ്, ചിലവഴിക്കുന്നത് ഖജനാവിലെ രണ്ടേമുക്കാല്‍ കോടി രൂപ'; കണക്ക് പുറത്തുവിട്ട് പിവി അന്‍വര്‍

''സതീശനും പാര്‍ട്ടിയും ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട് വേണം അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ ഇറങ്ങുന്നത്.''

13 July 2022 3:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുത്തിത്തിരിപ്പിന് സതീശന് 25 സ്റ്റാഫ്, ചിലവഴിക്കുന്നത് ഖജനാവിലെ രണ്ടേമുക്കാല്‍ കോടി രൂപ; കണക്ക് പുറത്തുവിട്ട് പിവി അന്‍വര്‍
X

പ്രതിപക്ഷ നേതാവായ വിഡി സതീശന്റെ ഓഫീസില്‍ 25ഓളം സ്റ്റാഫുകളുണ്ടെന്നും അവര്‍ക്കായി സര്‍ക്കാര്‍ ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. നിയമസഭാ രേഖകള്‍ സഹിതമാണ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് പദവിക്ക് പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ല. സര്‍ക്കാരിനെതിരെ കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഈ 25 സ്റ്റാഫുകളെന്നും അന്‍വര്‍ വിമര്‍ശിച്ചു.


പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞത്: നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന പദവി ഒരു ഭരണഘടനാ പദവി മാത്രമാണ്. മുഖ്യമന്ത്രിയേ പോലെയോ, മറ്റ് മന്ത്രിമാരെ പോലെയോ, ഭരണ നിര്‍വ്വഹണ ഉത്തരവാദിത്വങ്ങളോ പ്രത്യേകിച്ച് മറ്റ് ഉത്തരവാദിത്വങ്ങളോ ഈ പദവിക്കില്ല. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുക എന്നതിനപ്പുറം ഒന്നും വി.ഡി.സതീശനില്‍ നിന്ന് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഓടി നടന്ന് 'എന്തിലും ഏതിലും കുത്തിതിരിപ്പ്' ഉണ്ടാക്കാന്‍ വേണ്ടി മാത്രം അദ്ദേഹം ഒപ്പം കൂട്ടിയിരിക്കുന്നത് ഇരുപത്തിഅഞ്ചോളം സ്റ്റാഫുകളെയാണ്. അവര്‍ക്ക് വേണ്ടി ഒരു വര്‍ഷം നമ്മുടെ ഖജനാവില്‍ നിന്ന് ചിലവഴിക്കുന്നത് ഏകദേശം രണ്ടേമുക്കാല്‍ കോടിയോളം രൂപയാണ്.

പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക് ചിലവായ തുകയുടെ പേരില്‍ മുതലകണ്ണീരൊഴുക്കിയ സതീശനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ട് വേണം അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ ഇറങ്ങുന്നത്. പ്രവാസികള്‍ ഈ നാടിന്റെ സമ്പത്താണ്. അവരുടെ കഷ്ടപ്പാടും വിയര്‍പ്പും ഈ നാടിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമായിട്ടുണ്ട്. അവരെ മുഖ്യധാരയില്‍ ഉയര്‍ത്തി നിര്‍ത്തുന്ന നിലപാട് ഈ സര്‍ക്കാരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എക്കാലവും തുടരുക തന്നെ ചെയ്യും.

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ധൂര്‍ത്ത് സംബന്ധിച്ചുള്ള ചോദ്യം ഉയര്‍ത്തിയത് മുതല്‍ അങ്ങനെയൊന്നുമില്ല എന്ന് സ്ഥാപിക്കാന്‍ വ്യാപകമായ ശ്രമം നടന്നുവരുന്നുണ്ട്. പതിനഞ്ചാം കേരള നിയമസഭയിലെ അഞ്ചാം സമ്മേളനത്തില്‍ 06.07.2022-ന് ബഹുമാനപെട്ട മുഖ്യമന്ത്രിയോട് ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യ നമ്പര്‍ 1944-ന് എനിക്ക് കിട്ടിയ മറുപടിയാണ് ഇത്.

ഉത്തരം:

പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ ഒരു വര്‍ഷത്തെ ഏകദേശ ചെലവ്

പ്രതിപക്ഷ നേതാവിന്റെ ശമ്പളം(അലവന്‍സുകള്‍ ഉള്‍പ്പടെ) - 21,37,929

ഓഫീസ് സ്റ്റാഫിന്റെ ശമ്പളം

പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് - ഒരു കോടി ഇരുപത്തിയെട്ട് ലക്ഷം രൂപ (12800000)

പി എ മാര്‍ക്ക് - 4458000 രൂപ

മറ്റു ഓഫീസ് സ്റ്റാഫിന് - 48 ലക്ഷം രൂപ

സ്വീപ്പര്‍ തസ്തികയടക്കമുള്ള മറ്റു ജോലിക്കാര്‍ക്ക് - 11,46000 രൂപ

മറ്റു ഡെയിലി വേജ് ജോലിക്കാര്‍ക്ക് - 2170000 രൂപ

(മുഴുവന്‍ കണക്കും വന്നിട്ടില്ല)

TOTAL:ഒരു വര്‍ഷത്തേക്ക് ഏകദേശം* 27511929 രൂപ

www.niyamasabha.org എന്ന വെബ്സൈറ്റില്‍ ഈ informations ലഭ്യമാണ്. ഊണിലും ഉറക്കത്തിലും കപട ആദര്‍ശ്ശം വിളമ്പി, പാര്‍ട്ടിയിലും മുന്നണിയിലും ഒന്നാമനാകാന്‍ വേണ്ടി മത്സരിക്കുന്ന പ്രതിപക്ഷ നേതാവ്'സ്വന്തം ധൂര്‍ത്തിനെ'എങ്ങനെ നോക്കി കാണുന്നു എന്ന് നമ്മള്‍ക്ക് കാത്തിരുന്ന് കാണാം. അദ്ദേഹം ഇക്കാര്യത്തില്‍ മറുപടി പറയുമെന്ന പ്രതീക്ഷയൊന്നും ഞാന്‍ വച്ച് പുലര്‍ത്തുന്നില്ല. ഇതൊക്കെ ചോദിച്ചാല്‍ ഇറക്കി വിടും എന്ന ഭയമില്ലാത്ത എത്ര മാധ്യമപ്രവര്‍ത്തകര്‍ ഈ ഭൂമിമലയാളത്തിലുണ്ടെന്നും അറിഞ്ഞാല്‍ കൊള്ളാം..Next Story