Top

'ജോജു മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു'; പരിഹസിച്ച് അന്‍വര്‍

'പഴയ കോണ്‍ഗ്രസില്‍ നിന്ന് ഇന്നത്തെ കോണ്‍ഗ്രസ് ഒരല്‍പ്പം പോലും മാറിയിട്ടില്ല'

1 Nov 2021 4:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോജു മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു; പരിഹസിച്ച് അന്‍വര്‍
X

കൊച്ചിയില്‍ റോഡ് ഗതാഗതം തടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരിച്ച ജോജു ജോര്‍ജിനെ പിന്തുണച്ച് വീണ്ടും പിവി അന്‍വര്‍ എംഎല്‍എ. ജോജുവിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ മദ്യപാന ആരോപണത്തെ പരിഹസിച്ച് കൊണ്ടാണ് അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്. ജോസഫ് സിനിമയിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് അന്‍വറിന്റെ പരാമര്‍ശങ്ങള്‍.

അന്‍വര്‍ പറഞ്ഞത്: ''ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പരസ്യമായി മദ്യപിക്കുന്ന ജോജു ജോര്‍ജ്ജിന്റെ രഹസ്യ ദൃശ്യങ്ങള്‍ സൈബര്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പഴയ കോണ്‍ഗ്രസില്‍ നിന്ന് ഇന്നത്തെ കോണ്‍ഗ്രസ് ഒരല്‍പ്പം പോലും മാറിയിട്ടില്ല..അത് ഇനി യൂത്തനായാലും ശരി..മൂത്തനായാലും ശരി..''

ഇന്ന് മൂന്ന് പോസ്റ്റുകളാണ് അന്‍വര്‍ ജോജുവിനെ പിന്തുണച്ച് ഫേസ്ബുക്കിലിട്ടത്. ഇന്ധനവില നിയന്ത്രണം ആദ്യമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എടുത്ത് മാറ്റി എണ്ണകമ്പനികളെ ഏല്‍പ്പിച്ച ജോജു നീതി പാലിക്കുക എന്നാണ് അന്‍വര്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് കൊണ്ടുള്ള ആദ്യ പോസ്റ്റില്‍ പറഞ്ഞത്. പൊതുജനങ്ങളെ വഴി തടഞ്ഞുള്ള സമരത്തെ ചങ്കൂറ്റത്തോടെ എതിര്‍ത്ത സഹോദരനു അഭിനന്ദനങ്ങള്‍, ആശംസകള്‍ എന്നും മറ്റൊരു പോസ്റ്റില്‍ അന്‍വര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള റോഡിലെ ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു പ്രതികരിച്ചത്.

ജോജു പറഞ്ഞത്: ''ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്നാണ് ഞാന്‍ പറഞ്ഞത്. ഇത് പോക്രിത്തരമാണെന്ന് ഞാന്‍ പറഞ്ഞു. അതിനവര്‍ പറയുന്നത് ഞാന്‍ മദ്യപിച്ചിരുന്നു എന്നാണ്. ഞാന്‍ മുന്‍പ് മദ്യപിച്ചിരുന്നയാളാണ്. പക്ഷേ, ഇപ്പോള്‍ മദ്യപിച്ചിട്ടില്ല. അവരെന്റെ വണ്ടി തല്ലിപ്പൊളിച്ചു. എന്റെ അപ്പനെയും അമ്മയെയും അവര്‍ പച്ചത്തെറി വിളിച്ചു. എന്നെ അവര്‍ക്ക് തെറി പറയാം. പക്ഷേ, എന്റെ അപ്പനും അമ്മയും എന്ത് ചെയ്തു? സിനിമാ നടനായതുകൊണ്ട് പ്രതികരിക്കരുതെന്നുണ്ടോ? ഇത് രാഷ്ട്രീയവത്കരിക്കരുത്. ഇത് ഷോ അല്ല. ഇതെന്റെ പ്രതിഷേധമാണ്. അവര്‍ കേസ് കൊടുത്തോട്ടെ. ഞാന്‍ നേരിടും. ഞാനും പരാതി കൊടുക്കും. ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് വേറൊരു പരാതി. ഒരു കാര്യത്തിനു പ്രതിഷേധിച്ചതിനു വന്നതാണ് ആ പരാതി. ഞാന്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയില്ല. എന്റെ വാഹനത്തിന്റെ തൊട്ടടുത്ത് കീമോയ്ക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവരൊക്കെ ശ്വാസം വിടാന്‍ പറ്റാതെ നില്‍ക്കുകയായിരുന്നു.''

ഇതിനിടെ, ജോജു ജോര്‍ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി. ജോജുവിനെതിരായ ആക്രമണത്തെ ന്യായീകരിച്ച് അദ്ദേഹത്തെ സാമൂഹിക വിരുദ്ധനെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് സുധാകരന്റെ പ്രതികരണം. സമരം ചെയ്യാന്‍ വന്ന പ്രവര്‍ത്തകരെ അപമാനിക്കാന്‍ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കെ സുധാകരന്‍ പറഞ്ഞത്: ''ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എറണാകുളം ഡി സി സി നടത്തിയ സമരത്തെ തകര്‍ക്കാന്‍ ചില സാമൂഹിക വിരുദ്ധര്‍ ശ്രമിച്ചതായുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അനാവശ്യ സമരങ്ങള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാര്‍ട്ടി അല്ല കോണ്‍ഗ്രസ്. ഇന്ധന വില വര്‍ദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ അല്‍പം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുത്. കോടികളുടെ സമ്പത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഇന്ധന വിലവര്‍ദ്ധനവ് പ്രശ്‌നമല്ലായിരിക്കാം. പക്ഷേ അത്താഴപ്പട്ടിണിക്കാരന്റെ അവസ്ഥ അതല്ല. ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകള്‍ എതിരേ വരുന്നത് സ്വാഭാവികമാണ്. തുടര്‍ച്ചയായി നടക്കുന്ന സ്ത്രീ പീഡനങ്ങളില്‍ പോലും വാ തുറക്കാത്ത സിനിമാ നടന്‍മാര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളെ എതിര്‍ക്കുന്നത് അപലപനീയമാണ്. അല്‍പമെങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കാന്‍ താരങ്ങള്‍ തയ്യാറാകണം. സമരം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന സത്യം ഭരണകൂടങ്ങള്‍ക്ക് താരാട്ട് പാടുന്ന മാധ്യമങ്ങള്‍ക്ക് അംഗീകരിക്കാന്‍ മടിയുണ്ട്. എന്നാല്‍ ജനം സമരത്തിന് അനുകൂലമെന്ന് പ്രതികരണങ്ങളില്‍ നിന്ന് ഇപ്പോള്‍ മാധ്യമങ്ങളും മനസ്സിലാക്കിയിരിക്കുന്നു. സമരം ചെയ്യാന്‍ വന്ന പ്രവര്‍ത്തകരെ അപമാനിക്കാന്‍ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും. സാധാരണക്കാരുടെ പ്രതിഷേധം ഭരണകൂടങ്ങളെ കേള്‍പ്പിച്ച എറണാകുളം ഉഇഇ യ്ക്കും സമര ഭടന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍!''

Next Story