Top

'വിരട്ടലേറ്റതോ, ബിസിനസ് ആവശ്യം തീര്‍ന്നതോ'; നിയമസഭയില്‍ പിവി അന്‍വര്‍ വീണ്ടും 'ഹാജര്‍'

20 Oct 2021 4:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിരട്ടലേറ്റതോ, ബിസിനസ് ആവശ്യം തീര്‍ന്നതോ; നിയമസഭയില്‍ പിവി അന്‍വര്‍ വീണ്ടും ഹാജര്‍
X

വിവാദങ്ങള്‍ക്കൊടുവില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇന്ന് നിയമസഭയിലെത്തി. പിവി അന്‍വറിന്റെ നിയമസഭയിലെ അസാന്നിധ്യം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെയാണ് അംഗം വീണ്ടും സഭയിലെത്തിയത്. എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ സഭാ സമ്മേളനത്തിനു ശേഷം ഇന്നാണ് അന്‍വര്‍ വീണ്ടും സഭയില്‍ എത്തിയത്. പി വി അന്‍വര്‍ സഭയില്‍ നിന്ന് തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണില്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് പോയ അന്‍വര്‍ കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ മടങ്ങിയെത്തിയത്.

എന്നാല്‍, തന്നെ വിമര്‍ശിച്ച പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ച് കൊണ്ടായിരുന്നു പിവി അന്‍വര്‍ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മലപ്പുറം ഡിസിസി പ്രസിഡന്റ്, മാധ്യമ നിരീക്ഷകര്‍ എന്നിവരെയും മലപ്പുറത്ത് വിളിച്ച് ചേര്‍ത്ത് വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ ആക്ഷേപിച്ചിരുന്നു. പിന്നാലെയാണ് സഭയില്‍ ഹാജറായത്.

അതേസമയം, സംസ്ഥാനത്തെ മഴക്കെടുതികളില്‍ മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് നിയമ സഭ സഭ രണ്ടു ദിവസത്തേക്ക് പിരിഞ്ഞു. 25ന് സഭ വീണ്ടും ചേരും. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനം നേരിട്ട മഴക്കെടുതികളുടെ ഔദ്യോഗിക വിവരങ്ങള്‍ പങ്കുവച്ചതിന് പിന്നാലെയാണ് സഭ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പിരിഞ്ഞത്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴക്കെടുതികളില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ സഭയിലായിരുന്നു മുഖ്യമന്ത്രി കെടുതിയുടെ കണക്കുകള്‍ പങ്കുവച്ചത്. പ്രകൃതി താണ്ഡവമാടിയ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് 217 വീടുകള്‍ക്ക് പൂര്‍ണ്ണമായി തകര്‍ന്നതായും 1393 വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടം വന്നുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 304 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 3851 കുടുംബങ്ങളാണ് നിലവില്‍ ക്യംപുകളിലേക്ക് കഴിയുന്നതെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഇക്കാലയളവില്‍ ആറുപേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും രൂപം കൊണ്ട ന്യൂനമര്‍ദങ്ങളാണ് കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതം രൂക്ഷമാക്കിയതെന്നും മഴക്കൊടുതിയില്‍ മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് നിയമസഭയില്‍ സംസാരിക്കവെ് അദ്ദേഹം അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 11 എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരന്ത നിവാരണത്തിനായി ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഏകോപിപ്പിച്ചുകൊണ്ടുളള ദുരന്ത നിവാരണമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. സംസ്ഥാനത്തെ ദുരിത ബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മഴ മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ദുരന്തനിവാരണ സംവിധാനത്തില്‍ പോരായ്മ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ സംസാരിച്ച കെ ബാബു എംഎല്‍എ സഭയില്‍ വ്യക്തമാക്കി.

Next Story