Top

'അവനുമുണ്ട് പെങ്ങള് പെട്ടു പോയതാണ്, ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് നടിയോട് ചെയ്തത്'; സുനിയുടെ അമ്മ

അറിയാത്ത ആളുകളോട് മിണ്ടരുതെന്ന് കോടതിയിൽ വെച്ച് കാണുമ്പോൾ അവൻ പറയും

6 Jan 2022 2:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവനുമുണ്ട് പെങ്ങള് പെട്ടു പോയതാണ്, ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് നടിയോട് ചെയ്തത്; സുനിയുടെ അമ്മ
X

കൊച്ചി: മകൻ ചെയ്തത് ഒരു പെൺകുട്ടിയോടും ആരും ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന് നടി ആക്രമണ കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ. റിപ്പോർട്ടർ ടിവി എ‍‍ഡിറ്റേഴ്സ് അവറിൽ സംസാരിക്കവെയാണ് അമ്മയുടെ പ്രസ്താവന. എപ്പോൾ കാണുമ്പോഴും പെട്ടു പോയി എന്നാണ് അവൻ പറയുന്നത്. പണം നൽകാമെന്ന് പറഞ്ഞാണ് ഇത് ചെയ്തത്. എനിക്ക് അവനെ ഇല്ലാതാക്കുമെന്ന് നല്ല ഭയമുണ്ട്. പണമില്ലാത്തവർക്ക് ആരുമുണ്ടാവില്ല. പണവും പദവിയുമുള്ളവർക്ക് മാത്രമെ എല്ലാം ഉണ്ടാവൂ. ഇത് നടിയോടുള്ള എന്തെങ്കിലും വിയോജിപ്പുണ്ടെന്ന് കരുതുന്നില്ല. പണത്തിന് വേണ്ടി ചെയ്ത് പെട്ടു പോയതാണ് അവനെന്നും പൾസുനിയുടെ അമ്മ പറഞ്ഞു.

കാണുമ്പോഴെല്ലാം ആരോടാണ് സംസാരിക്കുന്നതെന്ന് അവൻ ചോദിക്കാറുണ്ട്. അറിയാത്ത ആളുകളോട് മിണ്ടരുതെന്ന് കോടതിയിൽ വെച്ച് കാണുമ്പോൾ അവൻ പറയും. ഇടയ്ക്ക് ജയിലിൽ പോയി ഞാൻ കാണും, ഇപ്പോ എനിക്ക് വയ്യാതായി, തീരെ വയ്യാതെയിരിക്കുന്ന ആളാണ് അവന്റെ അച്ഛൻ. ശോഭന പറഞ്ഞു. പൾസർ സുനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കത്ത് മരണമൊഴിയായി സ്വീകരിക്കാവുന്നതാണെന്ന് ചർച്ചയിൽ അഡ്വ. അജകുമാർ ചൂണ്ടിക്കാണിച്ചു.

നേരത്തെ പൾസർ സുനിയുടെ കത്ത് റിപ്പോർട്ടർ ടിവി പുറത്തുവിട്ടതിന് പിന്നാലെ അമ്മയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പൾസർ സുനി അമ്മയ്ക്ക് നൽകി കത്ത് അന്വേഷണം സംഘത്തിന് കൈമാറിയിട്ടുണ്ട്. മൊഴിയെടുക്കൽ ഏതാണ്ട് 3 മണിക്കൂർ നീണ്ടു നിന്നു. വിവരങ്ങൾ ഉടൻ കോടതിയിൽ സമർപ്പിക്കും.മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ നടൻ ദിലീപിനും അടുത്ത സുഹൃത്തുക്കളിൽ ചിലർക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമർശം.

'അമ്മയുടെ സംഘടനയിൽ ചേട്ടൻ ഉൾപ്പെടെ എത്ര പേർക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാൻ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകൾക്ക് നൽകണമെന്നും, പുറത്ത് വന്നാൽ എന്നകാര്യവും. എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇതെല്ലാം ഓർത്താൽ നന്നായിരിക്കും'. എന്നുമാണ് പൾസർ സുനിയുടെ കത്തിലെ പരാമർശം.2018 മെയ് മാസത്തിൽ എഴുതിയ കത്താണിത്. പൾസർ സുനി ഈ ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പൾസർ സുനി പറഞ്ഞിരുന്നു. ഈ കത്താണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കേസിൽ തന്നെ കുടുക്കിയാൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവർ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തിൽ പറയുന്നു.

'എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താൻ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓർക്കണം. മൂന്ന് വർഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടൻ തന്നെ തോണ്ടിയതല്ലേ', കത്തിൽ പറയുന്നു.'യജമാനൻ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവൽക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌ഹേനഹത്താൽ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാൽ ഒന്നിനും പറ്റില്ലെന്ന് കണ്ടാൽ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാൻ എല്ലാം കോടതിയിൽ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീർക്കാം', കത്തിൽ പറയുന്നു.

Next Story