Top

'മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടില്ല, കണ്ടത് പെന്‍ഡ്രൈവ് ഉപയോഗിച്ച്'; ജീവിതത്തില്‍ വിവോ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍

'കോടതിയുടെ മുന്നില്‍ പെന്‍ഡ്രൈവ് ലാപ്പ്‌ടോപ്പില്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ കണ്ടത്'

14 July 2022 5:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടില്ല, കണ്ടത് പെന്‍ഡ്രൈവ് ഉപയോഗിച്ച്; ജീവിതത്തില്‍ വിവോ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍
X

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടിട്ടില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ്. കോടതിയുടെ മുന്നില്‍ പെന്‍ഡ്രൈവ് ലാപ്പ്‌ടോപ്പില്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ കണ്ടത്. മെമ്മറി കാര്‍ഡ് ഇട്ടുവെന്ന് റിപ്പോര്‍ട്ട് വന്ന വിവോ ഫോണ്‍ തന്റേതല്ലെന്നും അഡ്വ പ്രതീഷ് കുറുപ്പ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

മെമ്മറി കാര്‍ഡിന്റെ എഫ്എസ്എല്‍ പരിശോധനയില്‍ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്ന് കണ്ടെത്തിയിരുന്നു. ഒരു തവണ വിവോ ഫോണിലാണ് മെമ്മറികാര്‍ഡ് ഉപയോഗിച്ചതെന്നും വ്യക്തമാക്കുന്ന പരിശോധനാ റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് എങ്ങനെയാണെന്ന് അറിയില്ലെന്നും അഡ്വ പ്രതീഷ് കുറുപ്പ് പ്രതികരിച്ചു. കോടതിയുടെ അനുവാദമില്ലാതെ ആര്‍ക്കും മെമ്മറി കാര്‍ഡ് കാണാന്‍ സാധിക്കില്ല. വെറുതെ ചെന്ന് ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ രീതിയിലല്ല മെമ്മറി കാര്‍ഡ് വെച്ചിരിക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് കാണാന്‍ സാധിക്കുക. ക്രോസ് എക്‌സാമിനേഷന്റെ ഭാഗമായി, അതുവരെ കാണാത്തതുകൊണ്ട് മാത്രമാണ് ദൃശ്യങ്ങള്‍ കാണണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്.

കോടതി ഹോളില്‍ വെച്ച് പെന്‍ഡ്രൈവ് ലാപ്പ്‌ടോപ്പില്‍ കുത്തിയായിരുന്നു ദൃശ്യങ്ങള്‍ കണ്ടത്. ജഡ്ജിയും, ഒരു പൊലീസ് ഉദ്യോഗസ്ഥയും സാന്നിധ്യത്തിലായിരുന്നു ഇത്. ആരായിരുന്നു പൊലീസ് ഉദ്യോഗസ്ഥ എന്നത് ഓര്‍ക്കുന്നില്ല. അന്ന് മറ്റാരെങ്കിലും ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും അറിയില്ല. എട്ട് ഫയലുണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ, അഞ്ച് മിനിറ്റുകൊണ്ട് കണ്ടുതീര്‍ക്കുകയാണ് ചെയ്തത്, ഏത് സമത്തായിരുന്നു എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. പിന്നീട് ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. കോടതിയുടെ സാന്നിധ്യത്തില്‍ മാത്രമാണ് ആര്‍ക്കും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുകയെന്നും, വിവോ ഫോണില്‍ ആരെങ്കിലും ദൃശ്യങ്ങള്‍ കണ്ടതായി അറിയില്ലെന്നും, താന്‍ ജീവിതത്തില്‍ വിവോ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും അഡ്വ പ്രതീഷ് കുറുപ്പ് പ്രതികരിച്ചു.

Story Highlights: Pulsar Suni's Advocates Reaction On Memmory Card Issue

Next Story