Top

'കേസില്‍ മഞ്ജുവിന്റെ പേര് പറയാന്‍ സ്വാധീനിച്ചു'; പള്‍സര്‍ സുനിയുടെ കത്ത്; 'മഞ്ജുവിനോട് ചെയ്തതെങ്കിലും ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു'

6 Jan 2022 8:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേസില്‍ മഞ്ജുവിന്റെ പേര് പറയാന്‍ സ്വാധീനിച്ചു; പള്‍സര്‍ സുനിയുടെ കത്ത്; മഞ്ജുവിനോട് ചെയ്തതെങ്കിലും ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു
X

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയു ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായി തെളിവ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ പ്രതികളിലൊരാളായ മാര്‍ട്ടിനെ ദിലീപിന്റെ സഹോദരന്‍ അനൂപ് സ്വാധീനിച്ച് മഞ്ജുവിന്റെയും ശ്രീകുമാര്‍ മേനോന്റെയും പേര് കോടതിയില്‍ വിളിച്ച് പറയാന്‍ പറഞ്ഞതായി കത്തില്‍ പറയുന്നുണ്ട്

'എന്നെ സഹായിക്കുവാനാണെങ്കില്‍ അത് ചേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആവാമായിരുന്നില്ലേ. ചേട്ടന്റെ കാശ് ഞങ്ങള്‍ക്ക് വേണ്ട. മാര്‍ട്ടിന്‍ പറഞ്ഞത് പോലെ ഞാന്‍ പറയില്ല. അനൂപ് ബാബു സാറിനെ കണ്ടതും ബാബു സാര്‍ മാര്‍ട്ടിനോട് മഞ്ജുവിനെയും ശ്രീകുമാറിനെയും ഈ കേസിലേക്ക് ഏതെങ്കിലും തരത്തില്‍ കോടതിയില്‍ വിളിച്ച് പറഞ്ഞ് ഉള്‍പ്പെടുത്താന്‍ പറഞ്ഞതും മാര്‍ട്ടിന്‍ കോടതിയില്‍ എഴുതിക്കൊടുത്തതും ഞാന്‍ അറിഞ്ഞു. മാര്‍ട്ടിന് കാശ് കൊടുത്ത് ഇല്ലാത്ത കാര്യം കോടതിയില്‍ പറയിപ്പിച്ചത് കൊണ്ട് എന്തെങ്കിലും നേടിയോ. ഒന്നും ഇല്ലാത്ത സമയത്ത് കൂടെ കൂട്ടി. എല്ലാം നേടി പവറും പദവികളും കിട്ടിയപ്പോള്‍ മഞ്ജുവിനോട് ചെയ്തത് ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു,' കത്തില്‍ പറയുന്നു.

മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമര്‍ശം. റിപ്പോര്‍ട്ടര്‍ ടിവിയാണ് കത്ത് പുറത്ത് വിട്ടത്.

' അമ്മയുടെ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, പുറത്ത് വന്നാല്‍ എന്നകാര്യവും. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും'. എന്നുമാണ് പള്‍സര്‍ സുനിയുടെ കത്തിലെ പരാമര്‍ശം.

2018 മെയ് മാസത്തില്‍ എഴുതിയ കത്താണിത്. പള്‍സര്‍ സുനി ഈ ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പള്‍സര്‍ സുനി പറഞ്ഞിരുന്നു. ഈ കത്താണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു.

'എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ', കത്തില്‍ പറയുന്നു.

'യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം', കത്തില്‍ പറയുന്നു.

Next Story