Top

'മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരായ വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നിൽക്കുന്ന പ്രതികരണം'; ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ പുകസ

17 Jun 2022 9:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരായ വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നിൽക്കുന്ന പ്രതികരണം; ഹരീഷ് പേരടിയെ ഒഴിവാക്കിയതിൽ പുകസ
X

കോഴിക്കോട്: അന്തരിച്ച നാടക സംവിധായകൻ എ ശാന്തൻറെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് നടൻ ഹരീഷ് പേരടിയെ വിലക്കിയതിൽ വിശദീകരണവുമായി പുരോഗമന കലാസാഹിത്യ സംഘം. മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരായ വിമർശനം അതിരുകടന്ന് അധിക്ഷേപമായി മാറിയതിനാലാണ് ഹരീഷ് പേരടിയെ ഒഴിവാക്കിയതെന്ന് പുകസ ജില്ലാ സെക്രട്ടറി യു ഹേമന്ത് കുമാർ പറഞ്ഞു.

അശ്ലീലമായ ഭാഷയിലാണ് ഫേസ്ബുക്കിലൂടെ ഹരീഷ് പേരടി പ്രതികരിച്ചത്. വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നിൽക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും പുകസ ആരോപിക്കുന്നു. ഹരീഷ് പേരടിയെന്ന കലാകാരനെ ബഹുമാനിക്കുന്നുണ്ട്. അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയതിൽ പിഴവുപറ്റി, അതിൽ ഖേദമുണ്ടെന്നും പുകസ പറഞ്ഞു.

സമീപകാല വിഷയങ്ങളിൽ സർക്കാരിനെയും സിപിഐഎമ്മിനെയും ഹരീഷ് പേരടി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുകസയുടെ നടപടി. കറുത്ത മാസ്ക് വിഷയത്തിലടക്കം മുഖ്യമന്ത്രിയെയും സ‍‍‍ർക്കാരിനെയും അദ്ദേഹം വിമ‍‍ർശിച്ചിരുന്നു. അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനായി കോയമ്പത്തൂരിലെ ലൊക്കേഷനിൽ നിന്ന് അനുവാദം വാങ്ങി കോഴിക്കോട്ടേക്ക് വരുംവഴിയാണ് സംഘാടകർ ഫോണിൽ വിളിച്ച് പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് അറിയിച്ചത്.

story highlights: PuKaSa with explanation for banning Hareesh Peradi

Next Story