Top

'പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല'; യോഗത്തിന് ശേഷം ഷാജി വിളിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍

മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്ന് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍

16 Sep 2022 3:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല; യോഗത്തിന് ശേഷം ഷാജി വിളിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍
X

കോഴിക്കോട്: മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്ന് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. അതിനുള്ള വേദിയാണ് പാര്‍ട്ടി യോഗങ്ങള്‍. നേതാക്കള്‍ക്ക് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി യോഗങ്ങളിലാണ് പറയേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുന്‍ എംഎല്‍എ കെഎം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികൡ പ്രസംഗിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കെ എം ഷാജി തന്നെ വിളിച്ചിട്ടില്ലെന്നും തങ്ങള്‍ വ്യക്തമാക്കി. മസ്‌കറ്റില്‍ നിന്നും നാട്ടില്‍ എത്തിയാലുടന്‍ കെ ഷം ഷാജിയുമായി നേതൃത്വം സംസാരിക്കും. യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണം തേടുമെന്നും തങ്ങള്‍ അറിയിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇക്കാര്യം വിശദീകരിച്ചത്.

ലീഗിനേയും നേതാക്കളേയും അപമാനിക്കുന്ന തരത്തില്‍ കെഎം ഷാജി പതിവായി പ്രസംഗിക്കുന്നു എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം പ്രസംഗങ്ങള്‍ ഇവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. പൊതു വേദികളില്‍ എംഎ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ഇതിന് പിന്നാലെ പ്രതികരണങ്ങളുമായി ഷാജി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തിരുത്തിയാല്‍ മനംനൊന്ത് ശത്രുപാളയത്തില്‍ അഭയം തേടില്ല. ശത്രുപാളയത്തില്‍ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരില്‍ താനുണ്ടാകില്ലെന്നും കെ എം ഷാജി പറഞ്ഞു. ഒമാനില്‍ മസ്‌കറ്റ് കെഎംസിസി വേദിയിലായിരുന്നു ഷാജിയുടെ പ്രതികരണം.

Next Story