Top

'ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മാത്രം നടത്തുന്ന വാദത്തില്‍ ഒരടിസ്ഥാനവുമില്ല'; കട്ടൗട്ടുകള്‍ പുഴയില്‍ നിന്ന് നീക്കേണ്ടതില്ലെന്ന് പിടിഎ റഹീം എംഎല്‍എ

കട്ടൗട്ട് പുഴയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം നഗരസഭയുടേയോ ഗ്രാമ പഞ്ചായത്തിന്റെയോ അധികാര പരിധിയില്‍ വരുന്നതല്ലായെന്നും പിടിഎ റഹീം എംഎല്‍എ പറഞ്ഞു

6 Nov 2022 12:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി മാത്രം നടത്തുന്ന വാദത്തില്‍ ഒരടിസ്ഥാനവുമില്ല; കട്ടൗട്ടുകള്‍ പുഴയില്‍ നിന്ന് നീക്കേണ്ടതില്ലെന്ന് പിടിഎ റഹീം എംഎല്‍എ
X

കോഴിക്കോട്: ലോക ഫുഡ്‌ബോള്‍ താരങ്ങളായ നെയ്മറിന്റെയും മെസ്സിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുള്ളാവൂര്‍ പുഴയില്‍ നിന്നും നീക്കേണ്ട ആവശ്യമില്ലെന്ന് അഡ്വ. പിടിഎ റഹീം എംഎല്‍എ. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിമാത്രം നടത്തുന്ന വാദത്തില്‍ ഒരടിസ്ഥാനവുമില്ലെന്ന് എംഎല്‍എ പറഞ്ഞു. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം നഗരസഭയുടേയോ ഗ്രാമ പഞ്ചായത്തിന്റെയോ അധികാര പരിധിയില്‍ വരുന്നതല്ലായെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടൗട്ട് പുഴയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്.

കുടിവെള്ള സംവിധാനത്തിന് വേണ്ടി സര്‍ക്കാര്‍ വിട്ടു നല്‍കിയ ഭാഗമാണ്. സ്ഥലം നേരിട്ട് കണ്ട് സന്ദര്‍ശിച്ചപ്പോള്‍ പുഴയുടെ ഒഴുക്കിനെ ഒരു തരത്തിലും ബാധിക്കുകയില്ലായെന്ന് കണ്ടെത്തി. ഫുഡ്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്ത കട്ടൗട്ട് പുഴയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയതിനു ശേഷം ഫേസ്ബുക്ക് പേജിലൂടെ യാണ് പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തിയത്.

കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതില്‍ നിന്ന് ചാത്തമംഗലം പഞ്ചായത്ത് പിന്‍മാറിയിരുന്നു. കട്ടൗട്ടുകള്‍ നീക്കം ചെയ്യുന്നതിനായി രേഖാമൂലം നോട്ടീസ് പഞ്ചായത്ത് നല്‍കിയിട്ടില്ല. ലഭിച്ച പരാതി അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്യുക മാത്രമാണ് നടത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ ഓലിക്കല്‍ പറഞ്ഞു. ഇതിനെതിരെ നടപടികള്‍ ഒന്നും എടുത്തിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ജനങ്ങളുടെ കൂടെ നില്‍ക്കുകയുള്ളൂ. കട്ടൗട്ടുകള്‍ നിലനിര്‍ത്തണം എന്നുള്ളത് ഞങ്ങളുടെ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുഴ കൊടുവള്ളിയുടെ നഗരപരിധിയിലാണ്. കട്ടൗട്ടുകളില്‍ നടപടിയെടുക്കാന്‍ ചാത്തമംഗലം പഞ്ചായത്തിന് കഴിയില്ലെന്നും നഗരസഭാ ചെയര്‍മാന്‍ അബ്ദു റഹിമാന്‍ പറഞ്ഞു. കട്ടൗട്ടുകള്‍ പുഴയ്ക്ക നാശമുണ്ടാക്കുന്നില്ല. പരാതി ലഭിച്ചാലും ആരാധകര്‍ക്കൊപ്പമാണ് നഗരസഭ നില്‍ക്കുക. ഞങ്ങള്‍ പൂര്‍ണ്ണമായും ഇവിടത്തെ കളിക്കാര്‍ക്കൊപ്പമാണ്. കളിക്കാരുടെ ആവേശം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. നിയമപരമായി പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പുഴയുടെ ഒഴുക്കിനെ തകര്‍ക്കും വിധമല്ല കട്ടൗട്ടുകള്‍ എന്നും മനസ്സിലാക്കകയും അതുകൊണ്ട് തന്നെ കളിക്കാര്‍ക്കും അവരുടെ വികാരത്തിനും ഒപ്പമാണെന്ന് വി അബ്ദു റഹിമാന്‍ പറഞ്ഞു..

നെയ്മറിന്റെയും മെസ്സിയുടേയും കട്ടൗട്ടുകള്‍ നീക്കം ചെയ്യുെമന്ന പ്രചരണം ശക്തമായതിലൂടെയാണ് പ്രദേശത്ത് ആരാധര്‍ തടിച്ച് കൂടിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് ഇന്ന് പുഴയില്‍ സ്ഥാപിക്കുമെന്നും ഒരു വിഭാഗം ആരാധകര്‍ പറഞ്ഞിരുന്നു.

STORY HIGHLIGHTS: PTA Rahim MLA about messi neymar big cut outs issue

Next Story