Top

മരണത്തിലും 'വിമതനായി' പി ടി തോമസ്, അന്ത്യാഭിലാഷങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ മറുപടി

22 Dec 2021 9:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരണത്തിലും വിമതനായി പി ടി തോമസ്, അന്ത്യാഭിലാഷങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ മറുപടി
X

നിലപാടുകളില്‍ കാര്‍ക്കശ്യമുള്ള നേതാവ്. പിടി തോമസ് എന്ന കോണ്‍ഗ്രസ് നേതാവിനെ കേരള രാഷ്ട്രീയം അനുസ്മരിച്ചത് ഇങ്ങനെ ആയിരുന്നു. ആ ഉറച്ച നിലപാട് തന്റെ മരണ ശേഷവും തുടരുകയാണ് പി ടി തോമസ് എന്ന് പറയേണ്ടിവരും.

അന്ത്യാഭിലാഷങ്ങളില്‍ പോലും താന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. തന്റെ മൃതദേഹം രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം, റീത്തുകളോ മറ്റു ആഡംബരങ്ങളോ ആവശ്യമില്ല. സംസ്‌കാര സമയത്ത് 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പിടി തോമസിനുള്ളത്. എന്നാണ് അദ്ദേഹം തന്റെ സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. സംസ്‌കാരം അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ തന്നെ നടത്തുമെന്നാണ് ഇതിനോടകം വ്യക്തമാക്കിയിരിക്കുന്നത്.

പരിസ്ഥിതി സംരക്ഷണ നിലപാടിന്റെ പേരില്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചു എന്ന കാരണത്താല്‍, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തന്റെ ശവഘോഷയാത്ര കാണേണ്ടി വന്ന വ്യക്തിയാണ് പി ടി തോമസ്. തീര്‍ത്തും മനുഷ്യത്വ രഹിതമായ ആ പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇടുക്കി ബിഷപ്പ് ഉള്‍പ്പെടെ ആയിരുന്നു. 'സമയമാം രഥത്തില്‍ നീ...' എന്ന യാത്രാഗാനവും ആലപിച്ചു നടത്തിയ അന്നത്തെ ശവഘോഷയാത്രയില്‍ യഥാര്‍ത്ഥ പുരോഹിതര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മതപൗരോഹിത്യം മനുഷ്യത്വ രഹിതമായി രാഷ്ട്രീയം കളിക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു അന്ന് ഇടുക്കിയില്‍ എംപി ആയിരുന്ന പി ടി തോമസിനെതിരായ നീക്കങ്ങള്‍.

എന്നാല്‍, തന്റെ യഥാര്‍ത്ഥ മരണത്തില്‍ പോലും ഈ മത പൗരോഹിത്യത്തെ അടുപ്പിക്കേണ്ടതില്ലെന്ന് നിലപാട് വ്യക്തമാക്കുകയാണ് പിടി തോമസ്. 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..' എന്ന വയലാറിന്റെ ഗാനം സംസ്‌കാര സമയത്ത് ആലപിക്കപ്പെട്ടാല്‍ അതിലും വലിയ തിരിച്ചടി എന്താണ് വോട്ട് ബാങ്ക് സമ്മര്‍ദ രാഷ്ട്രീയം കളിക്കുന്ന സഭാ നേതൃത്വങ്ങള്‍ക്ക് നല്‍കാനുള്ളത്.

Next Story