Top

'പൊതുദര്‍ശനത്തിനിടെ 'ചന്ദ്രകളഭം' ഗാനം കേള്‍പ്പിക്കണം, റീത്ത് വയ്ക്കരുത്'; ഒരു മാസം മുന്‍പ് പിടി തോമസ് സുഹൃത്തിനോട് പറഞ്ഞത്

പി.ടി തോമസിന്റെ ആഗ്രഹപ്രകാരം സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ്

22 Dec 2021 9:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊതുദര്‍ശനത്തിനിടെ ചന്ദ്രകളഭം ഗാനം കേള്‍പ്പിക്കണം, റീത്ത് വയ്ക്കരുത്; ഒരു മാസം മുന്‍പ് പിടി തോമസ് സുഹൃത്തിനോട് പറഞ്ഞത്
X

തൃക്കാക്കര എംഎല്‍എ പിടി തോമസ് വിട വാങ്ങിയത് തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം. അടുത്ത സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനോടാണ് മരണാനന്തര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്ന നിര്‍ദേശം പിടി തോമസ് നല്‍കിയത്. വെല്ലൂരില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് കുടുംബാംഗങ്ങള്‍ അറിയാതെ പിടി തോമസ് ഡിജോ കാപ്പനെ വിളിച്ചതും മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതും.

മരണത്തിന് ഒരു മാസം മുന്‍പ് നവംബര്‍ 22നാണ് ഈ സംഭാഷണം നടന്നത്. താന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും പിടി തോമസ് ഡിജോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

''മൃതദേഹം പള്ളിപ്പറമ്പില്‍ അടക്കരുത്, കൊച്ചി രവിപുരത്തെ ശ്മശാനത്തില്‍ ദഹിപ്പിക്കണം.'' ''കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ ചിതാഭസ്മം അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കാം.'' ''മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ക്കാന്‍ പാടില്ല.'' ''വയലാറിന്റെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരും എന്ന ഗാനം പൊതുദര്‍ശനത്തിനിടെ കേള്‍പ്പിക്കണം.'' ''എന്റെ പേരിലുള്ള സ്വത്തുവകകള്‍ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതംവയ്ക്കാം.'' ''കണ്ണുകള്‍ ദാനം ചെയ്യണം.'' ഇത്രയും കാര്യങ്ങളാണ് അടുത്ത സുഹൃത്തിനോട് പിടി തോമസ് പറഞ്ഞത്.

അതേസമയം, പി.ടി തോമസിന്റെ ആഗ്രഹപ്രകാരം സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കുടുംബാംഗങ്ങളോട് ആലോചിച്ച് അവരുടെ സമ്മതപ്രകാരമായിരിക്കും മറ്റ് അന്ത്യാഭിലാങ്ങള്‍ നടപ്പിലാക്കുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Next Story