പിഎസ്സി പരീക്ഷാത്തട്ടിപ്പ്: എസ്എഫ്ഐ നേതാക്കളെ സഹായിച്ച പൊലീസുകാരനെ വിചാരണ ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്
7 April 2022 2:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ പിഎസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാന്‍ സര്‍ക്കാറിനോട് അനുമതി തേടി ക്രൈംബ്രാഞ്ച്. എസ്എപി ക്യാമ്പിലെ പൊലീസുകാരനായിരുന്ന ഗോകുലിന് എതിരെയാണ് നീക്കം. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ വഴി ഉത്തരങ്ങള്‍ അയച്ചത് എസ്എപി ക്യാമ്പലിലെ പൊലീസുകാരനായ ഗോകുലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ സംഭവത്തിലാണ് ഇപ്പോള്‍ നടപടി. കേസിന് പിന്നാലെ നടപടി നേരിട്ട ഗോകുല്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
പിഎസ്സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ ആയിരുന്നു ക്രമക്കേട് നടന്നത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പിടിയിലായ പ്രതികള്‍ പിഎസ്സി റാങ്ക് പട്ടികയില്‍ മുന്‍ നിരയില്‍ ഉണ്ടെന്ന സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് വലിയ ക്രമക്കേട് കണ്ടെത്തിയത്. സ്മാര്‍ട്ട് വാച്ചും മൊബൈല്‍ ഫോണും ഉപയോഗിച്ചായിരുന്നു യൂണിവേഴ്സിറ്റി കോളിലെ എസ്എഫ്ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയതെന്നും ഇതിന് പല ഘട്ടങ്ങളിലായി ഇവര്‍ക്ക് സഹായം ലഭിച്ചെന്നുമായിരുന്നു കണ്ടെത്തല്‍.
പ്രതികളുടെ സുഹൃത്തായിരുന്നു പൊലീസുകാരന് ഗോകുല്‍. പരീക്ഷയ്ക്കിടെ ചോദ്യ പേപ്പര്‍ ഫോട്ടെയടുത്ത് പ്രതികള്‍ പൊലീസുകാരന് ഗോകുലിന് അയച്ച് കൊടുക്കുകയും. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ഉത്തരങ്ങള്‍ പ്രതികളുടെ സ്മാര്‍ട്ട് വാച്ചിലേക്ക് തിരിച്ചയക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
2018 ഓഗസ്റ്റ് എട്ടിനായിരുന്നു പരീക്ഷ. ഗോകുല്‍ അന്നേദിവസം ജോലിക്കായി ഹാജരായിരുന്നില്ല. എന്നാല്‍ ഗോകുല്‍ ജോലിക്ക് ഹാജരായെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ ചേര്‍ന്ന് ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തുകയായിരുന്നു. ഈ സംഭവത്തില്‍ വ്യാജ രേഖയുണ്ടാക്കിയതിന് ഗോകുലുള്‍പ്പടെ നാലു പൊലീസുകാര്‍ക്കെതിരെ മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlight; PSC Exam irregularity case