Top

'ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ശക്തമാക്കണം'; എ വിജയരാഘവന്‍

നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണ് ഈ കൊലപാതകം.

3 Dec 2021 1:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ശക്തമാക്കണം; എ വിജയരാഘവന്‍
X

തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ശക്തമാക്കണെന്നും കൊലപാതകം ആസൂത്രിത നീക്കമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

'പാര്‍ട്ടിയുടെ ഒരു ജനകീയനായ പ്രവര്‍ത്തകനെയാണ് ആര്‍എസ്എസ് അരുംകൊല ചെയ്തത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ അക്രമ സംഭവമാണിത്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണിത്' എന്നും വിജയരാഘവന്‍ ആരോപിച്ചു. ബിജെപി വിട്ട് പല പ്രവര്‍ത്തകരും സിപിഐഎമ്മിലേക്ക് വന്നതാണ് കൊലപാതകത്തിന് കാരണമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, കൊലപാതകത്തില്‍ നാലു പ്രതികളെ പൊലീസ് ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടി. ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് എന്നിവരെയാണ് പിടികൂടിയത്. സന്ദീപ് കുമാറിനെ വെട്ടിക്കൊന്ന ക്രിമിനല്‍ സംഘത്തിലെ പ്രധാനി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിഷ്ണുവാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ആര്‍എസ്എസിന് വേണ്ടി നടത്തിയ നിരവധി ആക്രമണക്കേസുകളിലെ പ്രതിയായ ജിഷ്ണു അടുത്തിടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഐഎം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം. സിപിഐ എമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണം. സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി 8മണിയോടെ മേപ്രാലില്‍ വെച്ച് അതിക്രൂരമായി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത്. ബൈക്കില്‍ വരികയായിരുന്ന സന്ദീപിനെ അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി സംസാരിക്കനെന്ന് വ്യാജേനെ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍എസ്എസ് സംഘം സ്ഥലത്ത് നിന്ന് മടങ്ങിയത്. മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ് സന്ദീപ് കുമാര്‍. മൃതദേഹം തിരുവല്ല താലുക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Next Story