Top

'വിഴിഞ്ഞത്ത് കലാപ നീക്കം'; ചിലരുടെ കൈയ്യില്‍ വിമോചന സമരത്തിന്റെ പാഠപുസ്തകമെന്ന് ദേശാഭിമാനി

അദാനി പോര്‍ട്ടിനെതിരെ സമരം ചെയ്യുന്ന തീരദേശവാസികള്‍ക്കും നേതൃത്വം നല്‍കുന്ന ലത്തീന്‍ സഭയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി

29 Oct 2022 5:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞത്ത് കലാപ നീക്കം; ചിലരുടെ കൈയ്യില്‍ വിമോചന സമരത്തിന്റെ പാഠപുസ്തകമെന്ന് ദേശാഭിമാനി
X

തിരുവനന്തപുരം: അദാനി പോര്‍ട്ടിനെതിരെ സമരം ചെയ്യുന്ന തീരദേശവാസികള്‍ക്കും നേതൃത്വം നല്‍കുന്ന ലത്തീന്‍ സഭയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി. വിഴിഞ്ഞത്ത് സമരമോ കലാപ നീക്കമോ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് സിപിഐഎം മുഖപത്രത്തിന്റെ വിമര്‍ശനം. സ്ഥാപിത താല്‍പ്പര്യക്കാരുടെ കൈയിലെ ആയുധമായി ആരു മാറിയാലും ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് എഡിറ്റോറിയലില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രക്ഷോഭം 100 ദിവസം എത്തിയപ്പോള്‍ വ്യാപക അക്രമങ്ങളിലേക്ക് തിരിഞ്ഞത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തം. കുറച്ചുനാളായി സമരത്തിന് അവര്‍ ആഗ്രഹിക്കുംവിധം വാര്‍ത്താപ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവാണ് കലാപസമാന അവസ്ഥയുണ്ടാക്കിയത്. പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുംനേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമമാണ് അഴിച്ചുവിട്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടം. വൈദികരടക്കമുള്ളവരാണ് നേതൃത്വത്തില്‍ ഉണ്ടായതെന്നതും ഗൗരവകരമാണെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

''വിമോചന' സമരത്തിന്റെ പാഠപുസ്തകം ചിലര്‍ ഇപ്പോഴും കൈയില്‍ കരുതുന്നുണ്ടോയെന്ന സംശയം ഉയര്‍ത്തുന്നതാണ് സംഭവഗതികള്‍. അതിന്റെ നായകരിലൊരാളായ ഫാ. ജോസഫ് വടക്കന്‍ 'എന്റെ കുതിപ്പും കിതപ്പും' ആത്മകഥയില്‍ അക്കാലത്തെ വഴിവിട്ടരീതികള്‍ സംബന്ധിച്ച് ഏറ്റുപറയാന്‍ നിര്‍ബന്ധിതനായത് മറക്കാതിരിക്കാം,' ദേശാഭിമാനി മുഖപ്രസംഗം ലത്തീന്‍ സഭയെ ഓര്‍മ്മിപ്പിക്കുന്നു.

'തുറമുഖനിര്‍മാണം തടയരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് പദ്ധതിപ്രദേശത്ത് അന്യായമായി കടന്നുള്ള ഉറഞ്ഞുതുള്ളല്‍. കലാപ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ സമരവും വിശദീകരണ പരിപാടികളും ശക്തിയാര്‍ജിക്കുകയാണ്. ആ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നതാണ് വിഴിഞ്ഞം സമരക്കാരെ പ്രകോപിപ്പിച്ചത്. അക്രമത്തിനു പിന്നിലെ ഗൂഢാലോചനയെ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരിക്കയാണ്. ഏഴ് ആവശ്യമുന്നയിച്ചാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 30ന് സമരം ആരംഭിച്ചത്. ഫിഷറീസ് തുറമുഖ മന്ത്രിമാരുടെ ഉപസമിതി പലവട്ടം പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തി. ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചയുമുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സമവായത്തിന് മുന്നിട്ടിറങ്ങി. എന്നിട്ടും ഒത്തുതീര്‍പ്പിന് തയ്യാറാകാത്തത് ദുരുപദിഷ്ടമാണ്,' ഈ സമയത്ത് പ്രതിപക്ഷം നിരുത്തരവാദപര രാഷ്ട്രീയമാണ് പയറ്റുന്നതെന്നും സിപിഐഎം മുഖപത്രം കുറ്റപ്പെടുത്തുന്നു. വസ്തുതകള്‍ മുഖവിലയ്‌ക്കെടുക്കാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണ് പ്രതിപക്ഷമെന്ന് ദേശാഭിമാനി വിമര്‍ശിച്ചു.

'ഇത്തരം വസ്തുതകള്‍ സംശയരഹിതമായി തെളിയിക്കുന്നത് സമരം കലാപം ലക്ഷ്യമിട്ടുള്ളതാണെന്നാണ്. തുറമുഖ നിര്‍മാണം നിര്‍ത്തി തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന ആവശ്യമൊഴികെ മറ്റ് ആറെണ്ണവും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. പദ്ധതി നിര്‍ത്തണമെന്ന നിര്‍ദേശം നടപ്പാക്കാനാകാത്തതാണെന്ന് പലപ്രാവശ്യം നടത്തിയ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷേ, ചര്‍ച്ചകളില്‍ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞുപിരിയുന്ന നേതാക്കള്‍ ആക്രോശങ്ങളോടെ വീണ്ടും സമരമുഖത്ത് സാന്നിധ്യമറിയിക്കുകയാണ്. കലാപം ആഗ്രഹിക്കുന്നവരും അല്ലാത്തവരുമെന്ന നിലയില്‍ സമരക്കാര്‍ രണ്ട് തട്ടിലായിരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ നടപടിക്കൊപ്പംനിന്ന് സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം,' ഒപ്പം കലാപനീക്കങ്ങളില്‍നിന്ന് ഉടന്‍ പിന്തിരിയണമെന്നും എഡിറ്റോറിയല്‍ കൂട്ടിച്ചേര്‍ക്കുന്നു.

STORY HIGHLIGHTS: Protest or riot attempt Deshabhimani against Vizhinjam protest and Latin catholic church



Next Story