Top

'ആദിവാസി ഊരുകള്‍ കാഴ്ച്ച ബംഗ്ലാവുകള്‍ അല്ല'; പുറംലോകവുമായി ബന്ധം വിച്ഛേദിക്കുന്നതിന് ഗൂഢലക്ഷ്യങ്ങളെന്ന് ഗോത്രസംഘടനകള്‍

30 May 2022 9:27 AM GMT
ശ്രുതി എആർ

ആദിവാസി ഊരുകള്‍ കാഴ്ച്ച ബംഗ്ലാവുകള്‍ അല്ല; പുറംലോകവുമായി ബന്ധം വിച്ഛേദിക്കുന്നതിന് ഗൂഢലക്ഷ്യങ്ങളെന്ന് ഗോത്രസംഘടനകള്‍
X

കോഴിക്കോട്: പട്ടിക വര്‍ഗ കോളനികളിലേക്കുള്ള പ്രവേശനത്തിന് കര്‍ശന ഉപാധികളോടെ നിയന്ത്രണമേര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. മേയ് 12ന് പട്ടിക വര്‍ഗ വികസന വകുപ്പ് പുറത്തിറക്കിയി സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുള്ളത്. ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ 37-ഓളം വരുന്ന ആദിവാസി വിഭാഗങ്ങള്‍ അധിവസിക്കുന്ന 5000ലധികം കോളനികളിലേക്കുള്ള പ്രവേശനം കര്‍ശനമായ നിയന്ത്രണത്തിന് വിധേയമാകും.

കോളനികളില്‍ സന്ദര്‍ശനം നടത്തുന്നതിന് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിബന്ധന ഊരുകളെ പുറംലോകമായുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്തുമെന്നാണ് ഉയര്‍ന്നു വരുന്ന വിമര്‍ശനം. ഗവേഷണം, വിവരശേഖരണം എന്നിവയുടെ ചോദ്യാവലികള്‍ 14 ദിവസം മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ രേഖകളും ഒപ്പം സമര്‍പ്പിക്കണം. മാവോയിസ്റ്റ് സാന്നിധ്യം, സാമൂഹിക സാഹചര്യം എന്നിവ പരിഗണിച്ച് മാത്രമെ പൊലീസും അനുമതി നല്‍കുക. സര്‍ക്കാര്‍ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന കോളനികളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും അനുമതി വേണം.

സര്‍ക്കുലറില്‍ ഏറ്റവും പ്രതിഷേധമുയര്‍ന്നത് വീഡിയോഗ്രഫിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതു സംബന്ധിച്ചാണ്. ജില്ലാതല ഓഫീസുകളില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് അനുമതി നിഷേധിക്കാനും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് അധികാരമുണ്ട്. സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മാത്രമെ കോളനികളില്‍ താമസിക്കുന്നതിന് സാധാരണ ഗതിയില്‍ അനുമതി നല്‍കുകയുള്ളൂ. മൂന്ന് ദിവസത്തിന് മുകളില്‍ അനുമതി വേണമെങ്കില്‍ വ്യക്തമായ ശിപാര്‍ശ നല്‍കണമെന്നും ഉത്തരവ് പറയുന്നു. രാത്രികാലങ്ങലില്‍ തങ്ങുന്നതിന് അനുമതിയില്ല. അനുമതി നല്‍കുമ്പോള്‍ നിബന്ധനകള്‍ വ്യക്തമായി ഉള്‍പ്പെടുത്തി കരാര്‍ വയ്ക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. അനുമതിയില്ലാതെയുള്ള സന്ദര്‍ശനങ്ങള്‍ തടയാനും അധികാരം നല്‍കുന്നതാണ് പുതിയ സര്‍ക്കുലര്‍.

ആദിവാസികള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ പുറം ലോകം അറിയാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആദിവാസി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു. ഊരുകളുടെ വികസന പ്രവ‍ത്തനങ്ങൾക്കായി പാസാകുന്ന പല ഫണ്ടുകളും യഥാർത്ഥ കൈകളില്ല എത്തുന്നതെന്ന് ദളിത് ​ഗോത്ര ക്ഷേമപ്രവ‍‍‍ർത്തകൻ സതീഷ് പാറന്നൂ‍ർ പറയുന്നു.

"സർക്കുലർ ഇറക്കിയിരിക്കുന്നത് ദുരുദേശത്തോടെയാണ്. സർക്കാരിൻറെ പ്രതിച്ഛായ നഷ്ടമാവാതിരിക്കാൻ ഊരുകളിലെ ചൂഷണങ്ങൾ പുറം ലോകം അറിയരുത്. കോടികൾ ചെലവഴിച്ചിട്ടും ഒരു വികസനവും ഊരുകളിൽ ഉണ്ടായിട്ടില്ല. പല ഫണ്ടുകളും യഥാർത്ഥ ആളുകളിലേക്ക് എത്തുന്നില്ല. ഇത് പ്രതിഷേധാർഹമാണ്. പൊതു സമൂഹം അറിയാതിരിക്കാനാണ് വീഡിയോഗ്രഫിക്കും നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. "എസ് സി എസ് ടി സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി സതീഷ് പാറന്നൂർ.

"ഊരുകളിലേക്ക് കയറാൻ പറ്റുന്നില്ല. പുതിതായി ചുമതലയേറ്റ എസ് സി എസ്ടി പ്രോമോട്ടർമാർ കളക്ടറുടെയും ഊരുമൂപ്പൻറേും അനുമതിപത്രം ചോദിക്കുന്നു. കളക്ടറുമായും തദ്ദേശ സ്വയംഭരണ ഓഫീസുമായും ബന്ധപ്പെടുമ്പോൾ അവർ പ്രവേശനത്തിന് വാക്കാൽ മാത്രമാണ് അനുമതി നൽകുന്നത്. അട്ടപ്പാടിയിൽ പ്രധാനമായും മൂന്ന് വിഭാഗങ്ങളാണ് ഉള്ളത്. മുടുകർ, ഇരുളർ, കുറുമ്പർ ഇതിൽ കുറുമ്പർ ഉൾഭാഗത്താണ് താമസിക്കുന്നത്. ഇവിടങ്ങളിലെല്ലാം കുടുംബശ്രീ മിഷൻറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എൻജിഒകൾക്ക് മാത്രമാണ് വിലക്ക്. ഊരുവാസികളെ മാവോയിസ്റ്റുകളായി ചിത്രീകരിക്കുകയും. അവരോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. വീടുകൾക്കായി പാസായ തുക പലതും ലാപ്സായി." ലോക് മഞ്ച് കപ്പാസിറ്റി ബിൽഡർ ഉമ അട്ടപ്പാടി പറയുന്നു.

"ആദിവാസി വിരുദ്ധമായ സർക്കുലറാണ് സർക്കാർ ഇറക്കിയിരിക്കുന്നത്. ഒരു സർക്കാരുകളും ആദിവാസികളോടുള്ള ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല. ഊരുകളിൽ ദളിത് പ്രവർത്തകർ കയറാതിരിക്കുക, പഠനങ്ങൾ നടക്കാതിരിക്കുക ആദിവാസികളുടെ പ്രശ്നങ്ങൾ പുറം ലോകം അറിയാതിരിക്കുക എന്നതാണ് ഇതിൻറെ പിന്നിലുള്ള ലക്ഷ്യം. സർക്കാർ ആദിവാസികളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല. കയ്യേറ്റങ്ങൾ ചെറുക്കുന്നില്ല. ഇതിനെതിരെ ഇനിയും പ്രതിഷേധിക്കും യുഎപിഎ ചുമത്തുമോ? മാവോയിസ്റ്റ് എന്ന് പറഞ്ഞ് വെടിവെയ്ക്കുമോ? എന്തിനാണ് പുറംലോകത്തുനിന്ന് ആദിവാസികളെ മാറ്റി നിർത്തുന്നത്. ഇന്ത്യൻ പൗരന് എവിടെയും സഞ്ചരിക്കാനും സംഘടിക്കാനും അധികാരമുണ്ട്. ഈ കരിനിയമത്തിനെതിരെ പ്രതിഷേധിക്കും. കല്ലട ഇറിഗേഷൻ പദ്ധതിക്കായി 79 പട്ടയങ്ങളാണ് സർക്കാർ തിരിച്ചെടുത്തത്. അവരെ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഒരു ചീഫ് സെക്രട്ടറി 55 ഏക്കർ കയ്യേറിയിട്ടും നടപടിയെടുത്തില്ല.1995ലെ വൈത്തിരിയിലേയും സുഗന്ധഗിരിയിലേയും കുടിയൊഴിപ്പിക്കലിനെക്കുറിച്ച് സർക്കാർ രേഖകളിൽ പോലുമില്ല. എ കെ ബാലൻ ഇപ്പോൾ എയ്ഡഡ് നിയമങ്ങൾ പിഎസ് സിക്ക് വിടുന്നതിനെക്കുറിച്ച് പറയുന്നു. അദ്ദേഹം നിയമമന്ത്രിയായിരുന്നപ്പോൾ ഇത് ചെയ്തിട്ടില്ല. ആദിവാസി വിരുദ്ധതയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും." കേരള ദളിത് പാന്തേഴ്സ് സംസ്ഥാന വൈസ് പ്രസിഡൻറ് സുധീർ കുമാർ പറഞ്ഞു.

ഞങ്ങൾക്ക് വേണ്ടത് ഔദാര്യമല്ല. ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത വിഭവങ്ങളാണ് തിരിച്ചു തരേണ്ടതെന്ന് ദളിത് പ്രവർത്തക അമ്മണി കെ പ്രതികരിച്ചു.

"ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങൾ പുറം ലോകം അറിയരുതെന്ന ലക്ഷ്യമാണ് ഇപ്പോൾ പുറത്തിറക്കിയ ഉത്തരവിന്റെ ഉദേശ്യം. ആദിവാസി ഊരുകളെ കാഴ്ച ബംഗ്ലാവുകളാക്കുകയാണ് സർക്കാർ. ഊരുകൾ അതീവ സുരക്ഷിത മേഖലയുമല്ല പിന്നെ എന്തിനാണ് ഇവിടെ പ്രവേശിക്കുന്നതിന് പട്ടിക വർഗ വകുപ്പ് പാസ്സ് ഏർപെടുത്തുന്നത്? പട്ടിക വർഗ ഡിപ്പാർട്ട്മെന്റ് ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മതി, ആദിവാസികളുടെ കാര്യത്തിൽ അതിതീവ്രമായ രക്ഷാകതൃത്വം ഏറ്റെടുക്കേണ്ട കാര്യമില്ല. ഞങ്ങളും മനുഷ്യരാണ്, ആദിവാസി ക്ഷേമമാണ് ലക്ഷ്യമെങ്കിൽ ആദ്യം ആദിവാസികളുടെ വികസനത്തിനായി കേന്ദ്രഗവണ്മെന്റ് പാസാക്കിയ വനാവകാശ നിയമവും, ആദിവാസി സ്വയം ഭരണ പഞ്ചായത്തുകളും നടപ്പാക്കട്ടെ. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും ചെയ്യാത്ത ഒരു ഗവണ്മെന്റാണ് ആദിവാസികളെ സംരക്ഷിക്കുവാൻ പ്രവേശന പാസ്സ് നടപ്പാക്കുന്നത്. യൂണിവേഴ്സിറ്റി, കോളേജുകളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികളാണോ ആദിവാസികൾക്ക് ഭീഷണി ഉയർത്തുന്നത്? അതോ മാധ്യമപ്രവർത്തകരോ? അതോ സാമൂഹ്യ പ്രവർത്തകരോ ?

ആദിവാസി മേഖലയെ പാപ്പരാക്കി മാറ്റിയ ഒരു പാർട്ടിയും/സർക്കാരുമാണ് വീണ്ടും ആദിവാസികളെ കാണുവാൻ പ്രവേശന പാസ്സ് ഏർപെടുത്തുന്നത്. ആദിവാസികൾക്ക് മറ്റു മനുഷ്യരെപോലെ ജീവിക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും അടച്ചു കളഞ്ഞ നിയമമാണ് 1997ൽ നയനാർ-കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് നടപ്പാക്കിയത്. ഇപ്പോൾ കമ്മ്യൂണിസ്റ്റ്-ദലിതനായ കെ. രാധാകൃഷ്ണന്റെ സംഭവനയാണ് ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിന് പ്രവേശന പാസ്സ് ഏർപ്പെടുത്തിയത്. ആദിവാസി വികസനത്തിന് അനുവദിക്കുന്ന കോടിക്കണക്കിന് രൂപ പതിറ്റാണ്ടുകളായി തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബികൾ ആദിവാസികളുടെ വികസനത്തെ പരിപൂർണ്ണമായും തകർത്തിരിക്കുകയാണ്.

ആദിവാസി മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെങ്കിൽ പോലീസ് അവരെ പിടികൂടണം.ഇപ്പോൾ വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോടികൾ ചിലവഴിച്ച് തണ്ടർ ബോൾട്ടിനെ അത്യാധുനിക വാഹന സൗകര്യങ്ങളോടെ വിന്യസിച്ചിട്ടുണ്ടല്ലോ? അവരുടെ പണി എന്താണ് മാവോയിസ്റ്റുകളെ പിടികൂടാത്തത് എന്തുകൊണ്ടാണ് " ആദിവാസി മേഖലയുടെ വികസനത്തിന്‌ ഓരോ വർഷവും അനുവദിക്കുന്ന കോടികൾ എന്ത് ചെയ്തു എന്ന് അന്വേഷിക്കുന്നതിന് ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണം. ആദിവാസികൾക്ക് വേണ്ടത് വികസന പ്രവർത്തനങ്ങളാണ് ക്ഷേമ പ്രവർത്തനമല്ല. ആദിവാസി ഫണ്ട്‌ വെട്ടിപ്പിന് കൂട്ടുനിൽക്കുന്ന പട്ടിക വർഗ വകുപ്പിലെ ഉദ്യോഗസ്ഥരെ പിരിച്ചു വിടണം.വനവകാശ നിയമം ഉടൻ നടപ്പിലാക്കുക.ആദിവാസി സ്വയംഭരണ പഞ്ചായത്തുകൾ ഉടൻ നടപ്പാക്കണം. ആദിവാസി ചെറുപ്പക്കാർക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുക.ആദിവാസി ഊരുകളുടെ വികസനത്തെ സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിംഗ് നടത്തുക" വയനാട് ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ്‌ അമ്മിണി കെ കൂട്ടിചേ‍ർത്തു.

STORY HIGHLIGHTS: Protest against restrictions on entry into tribal colonies in Kerala

Next Story