Top

സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപ ഉദ്ഘാടനത്തിന് എത്തിയില്ല; രാഹുൽ ഗാന്ധിക്കെതിരെ നേതാക്കളുടെ പ്രതിഷേധം, ക്ഷമ പറഞ്ഞ് സുധാകരൻ

11 Sep 2022 7:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപ ഉദ്ഘാടനത്തിന് എത്തിയില്ല; രാഹുൽ ഗാന്ധിക്കെതിരെ നേതാക്കളുടെ പ്രതിഷേധം, ക്ഷമ പറഞ്ഞ് സുധാകരൻ
X

തിരുവനന്തപുരം: മുൻകൂട്ടി തീരുമാനിച്ച പരിപാടിക്ക് എത്താത്തതിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധം. ഭാരത് ജോഡോ യാത്രയ്ക്കിടെ നെയ്യാറ്റിൻകരയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്താതിരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പരിപാടിയിൽ പങ്കെടുത്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ശശി തരൂ‍ർ എം പി തുടങ്ങിയ നേതാക്കൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ പരിപാടിയിലാണ് രാഹുൽ ഗാന്ധി എത്താതിരുന്നത്. സംഭവത്തിൽ മുതി‍ർന്ന നേതാക്കൾ പ്രതിഷേധം അറിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കെ ഇ മാമൻ്റെയും പത്മശ്രീ ഗോപിനാഥൻ നായരുടേയും സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് നെയ്യാറ്റിൻകരയിൽ‍ എത്തുമെന്ന് രാഹുൽ ​ഗാന്ധി ഉറപ്പുനൽകിയിരുന്നെങ്കിലും അവസാന നിമിഷം മാറുകയായിരുന്നു.

ഭാരത് ജോഡോ യാത്ര ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധി സ്മൃതിമണ്ഡപം ഉദ്‌ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഭാരത് ജോഡോ യാത്ര ആ വഴി കടന്നു പോയെങ്കിലും സ്മൃതിമണ്ഡപം ഉദ്‌ഘാടനം ചെയ്യാൻ രാഹുൽ ആശുപത്രിയിലേക്ക് കയറിയില്ല. സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്ത് വൃക്ഷത്തൈ നടാനായിരുന്നു തയ്യാറെടുപ്പ്.

രാഹുൽ ഗാന്ധി എത്താത്തതിലെ പ്രതിഷേധം കെ സുധാകരനും ശശി തരൂരും ഭാരത് ജോഡോ യാത്രയുടെ സംഘാടകരോട് തുറന്നടിച്ചു. പിന്നീട് ചടങ്ങിന്റെ സംഘാടകരോട് കെപിസിസി നേതൃത്വം ക്ഷമ ചോദിക്കുകയും ചെയ്തു. ഇത്തരം നടപടികൾ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്ന് ശശി തരൂർ കെപിസിസി അധ്യക്ഷനടക്കമുള്ളവരോട് പറയുന്നത് ദ്യശ്യങ്ങളിൽ കാണാം.

ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതിയമ്മ കെ ഇ മാമന്റെ ചെറുമകൻ വർഗീസ്, ബന്ധുമിത്രാതികൾ, വി മുരളീധരൻ എം പി, എം എം ഹസൻ, വി എസ് ശിവകുമാർ, പാലോട് രവി തുടങ്ങിയ നേതാക്കളും പരിപാടിക്ക് എത്തിയിരുന്നു. അതേസമയം, മറ്റ് പരിപാടികൾ വൈകിയതിനാലാണ് ഈ പരിപാടി രാഹുൽ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

STORY HIGHLIGHTS: protest against Rahul Gandhi for not coming to the inauguration at Thiruvananthapuram

Next Story