Top

'രക്ത സാമ്പിളെടുക്കാന്‍ ശ്രീറാം സമ്മതിച്ചത് 10 മണിക്കൂറിന് ശേഷം'; അപകടം മുതല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍

ഡോക്ടർ കൂടിയായ പ്രതി ശാസ്ത്രീയമായ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചത്

14 Oct 2022 4:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രക്ത സാമ്പിളെടുക്കാന്‍ ശ്രീറാം സമ്മതിച്ചത് 10 മണിക്കൂറിന് ശേഷം; അപകടം മുതല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍
X

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ. അപകടം നടന്നതുമുതൽ തെളിവ് നശിപ്പിക്കാൻ ശ്രീറാം ശ്രമിച്ചിരുന്നു. അറിഞ്ഞുകൊണ്ടുളള ക്രൂരതയാണ് പ്രതികളുടെ ഭാ​ഗത്ത് നിന്നുണ്ടായത്. അമിത വേ​ഗം അപകടത്തിന് കാരണമായെന്നും ശ്രീറാമിന്റെ വിടുതൽ ഹർജിയിൽ വാദം കേൾക്കവെ പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം എ എ ഹക്കീം പറഞ്ഞു.

കാര്‍ ഓടിച്ചത് വഫയാണെന്ന് ശ്രീറം മൊഴി നല്‍കിയത് തെളിവ് നശിപ്പിക്കാന്‍ വേണ്ടി ആണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. യഥാര്‍ത്ഥ കാരണം അറിയാന്‍ വിചാരണ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിൾ നൽകാൻ ശ്രീറാം സമ്മതിച്ച്. ഡോക്ടർ കൂടിയായ പ്രതി ശാസ്ത്രീയമായ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചത്. മരിച്ച വ്യക്തിക്ക് നീതി ലഭിക്കാനും യാഥാർത്ഥ കാരണം പുറത്തുവരാനും വ്യക്തമായ വിചാരണ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാൽ സാധാരണ വാഹനാപകടം മാത്രമാണുണ്ടായതെന്നും ബഷീറിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് വാഹനം ഓടിച്ചിട്ടില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ വാദിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും അഭിഭാഷകൻ പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാന്‍ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.

കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ആരും വഫയ്ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. രേഖകളിലോ പൊലീസിന്റെ അനുബന്ധ രേഖകളിലോ വഫയ്ക്കെതിരെ തെളിവില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. സംഭവം ഒരു മോട്ടോര്‍ വാഹന നിയമത്തിന്റെ കീഴില്‍ വരുന്നതാണെന്നും വഫ ഉന്നയിച്ചു. സഹയാത്രിക മാത്രമായ തനിക്ക് മേല്‍ പ്രേരണ കുറ്റം ചുമത്തരുതെന്നായിരുന്നു വഫയുടെ വാദം.

കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വഫയുടെ ഹര്‍ജി തള്ളണമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ശ്രീറാമിന്റെ ശരീരത്തില്‍ നിന്ന് കെ എം ബഷീറിന്റെ രക്തസാമ്പിളുകള്‍ ലഭിച്ചിട്ടില്ല, ബഷീര്‍ കൊല്ലപ്പെട്ട അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന് പങ്കില്ല, മദ്യപിച്ചതിന് തെളിവുകളില്ലെന്നും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ശ്രീറാമിന്റെയും കൂട്ടുപ്രതി വഫാ ഫിറോസിന്റെയും വിടുതല്‍ ഹര്‍ജിയില്‍ വാദം പൂർത്തിയായി. ഹർജിയിൽ ഈ മാസം 19ന് കോടതി വിധി പറയും.

STORY HIGHLIGHTS: Prosecution says Sriram Venkitaraman tried to destroy the evidence since the accident

Next Story