ആര്‍എസ്എസ് വിദ്വേഷ മുദ്രാവാക്യം; തലശേരിയില്‍ നിരോധനാജ്ഞ
തലശേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
3 Dec 2021 10:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍എസ്എസ് പ്രകോപന മുദ്രാവാക്യങ്ങള്‍ക്ക് പിന്നാലെ തലശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെത്ത് ഇന്ന് മുതല്‍ ആറാം തിയതിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തലശേരി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം തലശേരിയില്‍ പരസ്യമായി വിദ്വേഷമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയത് വന് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.
''അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല...'' എന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്ന വിദ്വേഷമുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 25ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 143, 147, 153എ, 149 വകുപ്പുകള്‍ പ്രകാരമാണ് കേസ്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്ന ബിജെപി പ്രവര്‍ത്തകരുടെ ആഹ്വാനത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അത് വലിയ സംഭവമൊന്നുമല്ലെന്നും സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാല്‍ മതിയെന്നുമായിന്നു സുരേന്ദ്രന്റെ ന്യായീകരണം. ''അതൊന്നും വലിയ സംഭവമല്ല. രണ്ട് ബിജെപി പ്രവര്‍ത്തകരെ പോപ്പുലര്‍ഫ്രണ്ട് ക്രൂരമായി കൊലപ്പെടുത്തി. ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.'' അതിലുള്ള സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാല്‍ മതിയെന്നും പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേയെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
- TAGS:
- Thalassery
- RSS
- BJP