Top

'ഒന്നാം തരം പ്രൊഫഷണല്‍'; ഉമയ്ക്കുള്ള ഓരോ വോട്ടും പി ടിയുടെ സത്യസന്ധതയ്ക്കുള്ള പുനര്‍ജന്മമെന്ന് ആന്റോ ജോസഫ്

പി ടി തോമസ് ബാക്കിവെച്ചുപോയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉമ മത്സരരംഗത്ത് വന്നതെന്ന് ആന്റോ ജോസഫ് പറഞ്ഞു

30 May 2022 1:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒന്നാം തരം പ്രൊഫഷണല്‍; ഉമയ്ക്കുള്ള ഓരോ വോട്ടും പി ടിയുടെ സത്യസന്ധതയ്ക്കുള്ള പുനര്‍ജന്മമെന്ന് ആന്റോ ജോസഫ്
X

തൃക്കാക്കര: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് വോട്ട് അഭ്യര്‍ത്ഥിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്. പി ടി തോമസ് ബാക്കിവെച്ചുപോയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉമ മത്സരരംഗത്ത് വന്നതെന്ന് ആന്റോ ജോസഫ് പറഞ്ഞു. ഉമച്ചേച്ചിയെന്ന രാഷ്ട്രീയക്കാരി ഒന്നാന്തരം പ്രൊഫഷണല്‍ കൂടിയാണെന്നതിന് തെളിവായി അവര്‍ വഹിക്കുന്ന ജോലിയിലെ മികവ് മാത്രം മതി. ഒരുവലിയ ആശുപത്രിയിലെ മനുഷ്യവിഭവശേഷിയെ കാര്യക്ഷമമായി ഉപയോഗിക്കുന്ന ഒരാള്‍ക്ക് പ്രൊഫഷണലുകള്‍ ഒരുപാടുള്ള തൃക്കാക്കരമണ്ഡലത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ മറ്റാരേക്കാളും നന്നായി അറിയാനാകും. 'ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി' എന്നു ചോദിച്ചാണ് പി ടി ഈ ഭൂമിയോട് യാത്ര പറഞ്ഞത്. ഉമച്ചേച്ചിയിലൂടെ പി ടിയെന്ന സത്യസന്ധനായ നേതാവിന് ഒരു ജന്മം കൂടി ലഭിക്കുകയാണ് തൃക്കാക്കരയില്‍. ഉമച്ചേച്ചിക്കുള്ള ഓരോ വോട്ടും, ധരിക്കുന്ന വസ്ത്രത്തിന്റെ വെളുപ്പ് വാക്കിലും പ്രവൃത്തിയിലും ചിന്തയിലും സൂക്ഷിച്ച ഒരാള്‍ക്കുള്ള ആദരവ് കൂടിയാണെന്നും ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

'അസത്യപ്രചാരണങ്ങളുടെ വിഷക്കാറ്റിന് കെടുത്തിക്കളയാനാകില്ല തൃക്കാക്കരയുടെ ജനമനസില്‍ പി ടിക്കുള്ള സ്ഥാനം. ഈ തിരഞ്ഞെടുപ്പില്‍ അതിനൊക്കെയും തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി പറയുമെന്ന് ഉറപ്പാണ്. പി.ടിക്കുള്ള സ്‌നേഹമുദ്ര കൂടിയാണ് അവര്‍ ഉമയുടെ പേരില്‍ ചാര്‍ത്തുക. ഉമച്ചേച്ചി മത്സരിക്കാനെത്തിയപ്പോഴും കേട്ടു നീചമായ വാക്കുകള്‍. സതിയെന്ന ദുരാചാരത്തെപ്പോലും കൂട്ടുപിടിച്ചുകൊണ്ടുള്ള കടന്നാക്രമണം. നാവും വാക്കും വാടകയ്ക്ക് കൊടുക്കുന്ന അടിമബുദ്ധിജീവികളെപ്പോലും എതിരാളികള്‍ അതിനുവേണ്ടി കളത്തിലിറക്കി. ഭര്‍ത്താവിന്റെ വിയോഗവേദന ഉള്ളിലൊളിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ ഒരു ഭാര്യയെ ക്രൂരമായി മുറിവേല്‍പിച്ചവര്‍ പിന്നീട് കുടുംബബന്ധങ്ങളെയോര്‍ത്ത് കണ്ണീരൊഴുക്കുന്നതും നമ്മള്‍ കണ്ടു. ആ 'വ്യാജ'ക്കണ്ണീരിനു പിന്നിലുള്ള മുതലകളെയും തൃക്കാക്കര തിരിച്ചറിഞ്ഞുകഴിഞ്ഞു,' ആന്റോ ജോസഫ് അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഒരു പി.ടി ഓര്‍മയാണ് അഥവാ ഒരു പിടി ഓര്‍മയാണ് ഉമ തോമസ്. തൃക്കാക്കരയെ ശ്വാസത്തില്‍ കൊണ്ടുനടന്ന പി.ടി.തോമസിനെ തന്നെയാണ് ഉമച്ചേച്ചിയില്‍ കാണാനാകുക. പി.ടിയുടെ പ്രതിബിംബം. പി.ടിയെന്ന മനുഷ്യന്‍ ഈ ഭൂമിയില്‍ ബാക്കിവച്ചുപോയ ചില ദൗത്യങ്ങളെ പൂര്‍ണമാക്കാനുള്ള നിയോഗമാണ് ഉമച്ചേച്ചിയില്‍ വന്നുചേര്‍ന്നിരിക്കുന്നത്. ആ ദൗത്യങ്ങളത്രയും പി.ടിയെന്ന ജനപ്രതിനിധിയുടെ സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു. തൃക്കാക്കര എന്ന മണ്ഡലത്തിനുവേണ്ടി പി.ടി കണ്ട ഒരുപാടൊരുപാട് വലിയ സ്വപ്‌നങ്ങള്‍. എം.എല്‍.എ എന്ന വാക്കിലൊതുങ്ങുതായിരുന്നില്ല പി.ടിക്ക് ഈ നാടിനോടുള്ള ബന്ധം. അവിടത്തെ ജനങ്ങളുടെ ഹൃദയത്തില്‍ പി.ടി ഇന്നും ജീവിക്കുന്നതും അതുകൊണ്ടാണ്. അസത്യപ്രചാരണങ്ങളുടെ വിഷക്കാറ്റിന് കെടുത്തിക്കളയാനാകില്ല തൃക്കാക്കരയുടെ ജനമനസില്‍ പി.ടി.ക്കുള്ള സ്ഥാനം. ഈ തിരഞ്ഞെടുപ്പില്‍ അതിനൊക്കെയും തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി പറയുമെന്ന് ഉറപ്പാണ്. പി.ടിക്കുള്ള സ്‌നേഹമുദ്ര കൂടിയാണ് അവര്‍ ഉമയുടെ പേരില്‍ ചാര്‍ത്തുക. ഉമച്ചേച്ചി മത്സരിക്കാനെത്തിയപ്പോഴും കേട്ടു നീചമായ വാക്കുകള്‍. സതിയെന്ന ദുരാചാരത്തെപ്പോലും കൂട്ടുപിടിച്ചുകൊണ്ടുള്ള കടന്നാക്രമണം. നാവും വാക്കും വാടകയ്ക്ക് കൊടുക്കുന്ന അടിമബുദ്ധിജീവികളെപ്പോലും എതിരാളികള്‍ അതിനുവേണ്ടി കളത്തിലിറക്കി. ഭര്‍ത്താവിന്റെ വിയോഗവേദന ഉള്ളിലൊളിപ്പിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ ഒരു ഭാര്യയെ ക്രൂരമായി മുറിവേല്‍പിച്ചവര്‍ പിന്നീട് കുടുംബബന്ധങ്ങളെയോര്‍ത്ത് കണ്ണീരൊഴുക്കുന്നതും നമ്മള്‍ കണ്ടു. ആ 'വ്യാജ'ക്കണ്ണീരിനു പിന്നിലുള്ള മുതലകളെയും തൃക്കാക്കര തിരിച്ചറിഞ്ഞുകഴിഞ്ഞു. ഉമ എന്ന സ്ത്രീ ആരായിരുന്നു എന്നതിന് മഹാരാജാസിന്റെ ഇടനാഴികളും പിരിയന്‍ഗോവണികളും സാക്ഷ്യം പറയും. അവിടെയിന്നും പ്രതിധ്വനിക്കുന്നുണ്ട് ഒരുകാലം അവര്‍ ഉയര്‍ത്തിയ ശബ്ദം,ഇന്നും ആ മുറ്റത്ത് പാറുന്നുണ്ട് അവര്‍ ഉയര്‍ത്തിയ കൊടി. പി.ടിയുടെ മറുപാതിയായി,അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് കരുത്തുപകര്‍ന്ന് ജീവിക്കുമ്പോഴും അവര്‍ക്കുള്ളില്‍ ആ പഴയ കെ.എസ്.യു പ്രവര്‍ത്തകയുടെ ഊര്‍ജം ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ആത്മാവില്‍ ഒരു ചിതയാളുമ്പോഴും അവര്‍ പി.ടി ബാക്കിവച്ചുപോയവയ്ക്കായി മത്സരരംഗത്തേക്ക് വന്നത്. ഉമച്ചേച്ചിയെന്ന രാഷ്ട്രീയക്കാരി ഒന്നാന്തരം പ്രൊഫഷണല്‍ കൂടിയാണെന്നതിന് തെളിവായി അവര്‍ വഹിക്കുന്ന ജോലിയിലെ മികവ് മാത്രം മതി. ഒരുവലിയ ആശുപത്രിയിലെ മനുഷ്യവിഭവശേഷിയെ കാര്യക്ഷമമായി ഉപയോഗിക്കുന്ന ഒരാള്‍ക്ക് പ്രൊഫഷണലുകള്‍ ഒരുപാടുള്ള തൃക്കാക്കരമണ്ഡലത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ മറ്റാരേക്കാളും നന്നായി അറിയാനാകും. 'ഈ മനോഹര തീരത്ത് തരുമോ,ഇനിയൊരു ജന്മം കൂടി' എന്നു ചോദിച്ചാണ് പി.ടി ഈ ഭൂമിയോട് യാത്ര പറഞ്ഞത്. ഉമച്ചേച്ചിയിലൂടെ പി.ടിയെന്ന സത്യസന്ധനായ നേതാവിന് ഒരു ജന്മം കൂടി ലഭിക്കുകയാണ്,തൃക്കാക്കരയില്‍. ഉമച്ചേച്ചിക്കുള്ള ഓരോ വോട്ടും, ധരിക്കുന്ന വസ്ത്രത്തിന്റെ വെളുപ്പ് വാക്കിലും പ്രവൃത്തിയിലും ചിന്തയിലും സൂക്ഷിച്ച ഒരാള്‍ക്കുള്ള ആദരവ് കൂടിയാണ്. അത് ഏറ്റവും നന്നായി അറിയാവുന്നതും തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്കാണ്. ഉമച്ചേച്ചിക്ക് വിജയാശംസകള്‍...

Story Highlights: Uma Thomas is Highly Professional; Every vote for Uma is for the honesty of the PT said Anto joseph


Next Story