Top

'തരൂരിന്റെ സ്ഥാനാർഥിത്വം പോലും കോൺഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതി'; പിന്തുണച്ച് ആന്റോ ജോസഫ്

1 Oct 2022 1:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തരൂരിന്റെ സ്ഥാനാർഥിത്വം പോലും കോൺഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതി; പിന്തുണച്ച് ആന്റോ ജോസഫ്
X

കൊച്ചി: എഐസിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് ഉയർത്തിക്കാട്ടാനാകുന്ന ഉജ്ജ്വലവ്യക്തിത്വമാണ് ശശി തരൂരെന്ന് ആന്റോ ജോസഫ് പറഞ്ഞു. തരൂരിന്റെ സ്ഥാനാർഥിത്വം പോലും കോൺഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയായിക്കാണുകയാണ് വേണ്ടത്. തരൂർ വരുന്നതോടെ പ്രതിപക്ഷസ്വരം കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹത്തിന്റെ വാക്കുകൾക്കായി ലോകം കാതോർക്കാറുണ്ടെന്നും ആന്റോ ജോസഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ആൻറോ ജോസഫിന്റെ പ്രതികരണം.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് എന്ന നേതാവിനെ കോൺഗ്രസ് ഉചിതമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്കിൽ ആ കുറിപ്പ് വായിച്ച ഒരുപാട് പേർ നേരിട്ടും കമന്റിലൂടെയും പങ്കുവെച്ച ചോദ്യം 'അപ്പോൾ ശശിതരൂർ?' എന്നതായിരുന്നു എന്നാണ് ആൻറോ ജോസഫ് തൻറെ പോസ്റ്റിൻറെ തുടക്കത്തിൽ പറയുന്നത്.

'തരൂർ മത്സരിക്കുമ്പോൾ കോൺഗ്രസ് എന്ന സംഘടനയുടെ കെട്ടുറപ്പ് ഒരിക്കൽക്കൂടി ശക്തമാകുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ. അദ്ദേഹത്തെപ്പോലെ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏത് നേതാവ് മത്സരിച്ചാലും അതിനെ സ്വാഗതം ചെയ്യണം. യോഗ്യരായ ഒരുപാടുപേരുണ്ട്. രാഹുൽഗാന്ധിയുടെ പേര് പലരും ഉയർത്തിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് പ്രസക്തിയുമുണ്ട്. ഒരുപക്ഷേ രാഹുൽ സമ്മതമറിയിച്ചാൽ മത്സരം തന്നെ ഒഴിവായേക്കാം. ഇനി അഥവാ തരൂർ മത്സരത്തിൽ പരാജയപ്പെട്ടാലും ആ ആഗോളമുഖത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം മുന്നിലുണ്ട്. പാർലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാൻ കോൺഗ്രസ് തയ്യാറാകണം,'ആൻറോ ജോസഫ് കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

''രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് എന്ന നേതാവിനെ കോൺഗ്രസ് ഉചിതമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഫെയ്‌സ്ബുക്കിൽ ആ കുറിപ്പ് വായിച്ച ഒരുപാട് പേർ നേരിട്ടും കമന്റിലൂടെയും പങ്കുവെച്ച ചോദ്യം 'അപ്പോൾ ശശിതരൂർ?' എന്നതായിരുന്നു. ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് ഉയർത്തിക്കാട്ടാനാകുന്ന ഉജ്ജ്വലവ്യക്തിത്വം എന്ന് ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം അദ്ദേഹത്തെ. രാഷ്ട്രീയ നേതാവ് എന്ന ചതുരക്കള്ളിക്കുമപ്പുറമാണ് ശശി തരൂരിന്റെ പ്രതിച്ഛായ. ഐക്യരാഷ്ട്രസഭയോളമെത്തിയ നേതൃപാടവം. ബഹുമുഖ പ്രതിഭ എന്ന് പൂർണ അർഥത്തിൽ വിളിക്കാം. എഴുത്തുകാരനും ചിന്തകനും പ്രാസംഗികനുമെല്ലാമായ നയതന്ത്രജ്ഞനായ രാഷ്ട്രീയപ്രവർത്തകൻ. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുന്നു എന്നത് അതുകൊണ്ടൊരു നല്ലവാർത്തയുമാണ്. ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയസംഘടനയുടെ തലപ്പത്ത് അദ്ദേഹത്തെപ്പോലൊരാൾ തീർത്തും ഉചിതമാണ്. ഫലം എന്തുമായിക്കൊള്ളട്ടെ. തരൂരിന്റെ സ്ഥാനാർഥിത്വം പോലും കോൺഗ്രസിന് അഭിമാനിക്കാനാകുന്ന സംഗതിയായിക്കാണുകയാണ് വേണ്ടത്. അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു എന്നുള്ളത് കോൺഗ്രസിന്റെ ദൗർബല്യത്തിന്റെ സൂചകമല്ല,മറിച്ച് അത് ഓരോ കണികയിലും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യബോധത്തിന്റെ അടയാളമാണ്. പാർട്ടിപദവികളിലേക്ക് തിരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എന്നും പങ്കുവച്ചിട്ടുള്ളയാളാണ് ശശിതരൂർ. 'പ്രവർത്തകരാൽ തിരഞ്ഞെടുക്കപ്പെട്ട നേതാവിന് സംഘടനാപരമായ വെല്ലുവിളികൾ നേരിടാനും പാർട്ടിയെ പുതുക്കിപ്പണിയാനും കൂടുതൽ കരുത്തുണ്ടാകും' എന്ന നിരീക്ഷണം അദ്ദേഹം രണ്ടുവർഷം മുമ്പൊരു ലേഖനത്തിൽ മുന്നോട്ടുവെച്ചിരുന്നു. തരൂർ മത്സരിക്കുമ്പോൾ കോൺഗ്രസ് എന്ന സംഘടനയുടെ കെട്ടുറപ്പ് ഒരിക്കൽക്കൂടി ശക്തമാകുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ. അദ്ദേഹത്തെപ്പോലെതന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏത് നേതാവ് മത്സരിച്ചാലും അതിനെ സ്വാഗതം ചെയ്യണം. യോഗ്യരായ ഒരുപാടുപേരുണ്ട്. രാഹുൽഗാന്ധിയുടെ പേര് പലരും ഉയർത്തിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് പ്രസക്തിയുമുണ്ട്. ഒരുപക്ഷേ രാഹുൽ സമ്മതമറിയിച്ചാൽ മത്സരം തന്നെ ഒഴിവായേക്കാം. സമവായത്തിന്റെ പാത തുറക്കപ്പെടുകയും രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനമേൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാലും ഇനി അഥവാ തരൂർ മത്സരത്തിൽ പരാജയപ്പെട്ടാലും ആ ആഗോളമുഖത്തെ ഉപയോഗപ്പെടുത്താനുള്ള അവസരം മുന്നിലുണ്ട്. പാർലമെന്റിലെ നേതൃസ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കാൻ കോൺഗ്രസ് തയ്യാറാകണം. 'ഫ്‌ളോർ ലീഡർ' എന്ന പദവിയിൽ അദ്ദേഹം വരുന്നതോടെ പ്രതിപക്ഷസ്വരം കൂടുതൽ ദൃഢമാകും. ലോകം കാതോർക്കാറുണ്ട്, തരൂരിന്റെ വാക്കുകൾക്ക്. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതിഫലനമായി അതിനെ മാറ്റാനുള്ള വേദിയൊരുക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. തരൂർ നയിക്കുമ്പോൾ വിശാലമായ പ്രതിപക്ഷഐക്യത്തിനുള്ള സാധ്യത കൂടി തുറന്നുവരുന്നു. അധ്യക്ഷസ്ഥാനത്തേക്കുള്ള സ്ഥാനാർഥിത്വം ശശിതരൂർ എന്ന നേതാവിന്റെ വിമതസ്വരമായി കാണാതെ അതിനെ കോൺഗ്രസ് ഗുണപരമായി വിനിയോഗിക്കുമെന്ന് പ്രത്യാശിക്കാം.''

STORY HIGHLIGHTS: Producer Anton Joseph about Shashi Tharoor

Next Story