Top

പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധി ഇന്ന്

മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന് കാണിച്ചാണ് ഹര്‍ജി

17 Nov 2022 1:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധി ഇന്ന്
X

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാകും വിധി പറയുക. മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന് കാണിച്ചാണ് ഹര്‍ജി.

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്‌കറിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിയമന ശിപാര്‍ശ നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്നും പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമാണ് യുജിയുടെ വാദം. അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യതയുണ്ടെന്ന് പ്രിയയും വാദിച്ചിരുന്നു. രണ്ട് ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി പറയുന്നത്.

യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രിയ വര്‍ഗീസിന്റെ അധ്യപന പരിചയം സംബന്ധിച്ച് കഴിഞ്ഞ ദിവസം കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

Story Highlights: Priya Varghese's Appointment High Court Verdict Will Announce Today

Next Story