Top

'രാഗേഷിന്റെ ഭാര്യയായത് കൊണ്ടല്ല ഞാന്‍ നെറ്റ് പാസായതും രണ്ട് പിജിയും ബിഎഡും'; അക്കാദമിക് നേട്ടങ്ങളെ റദ്ദ് ചെയ്യരുതെന്ന് പ്രിയ വര്‍ഗീസ്

''മാധ്യമങ്ങള്‍ വസ്തുതകള്‍ അന്വേഷിക്കുന്നില്ല. എന്റെ സ്‌കോറുകളെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്.''

16 Aug 2022 5:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഗേഷിന്റെ ഭാര്യയായത് കൊണ്ടല്ല ഞാന്‍ നെറ്റ് പാസായതും രണ്ട് പിജിയും ബിഎഡും; അക്കാദമിക് നേട്ടങ്ങളെ റദ്ദ് ചെയ്യരുതെന്ന് പ്രിയ വര്‍ഗീസ്
X

കെകെ രാഗേഷിന്റെ ഭാര്യയായത് കൊണ്ടല്ല താന്‍ നെറ്റ് പാസായതും രണ്ട് പിജിയും ബിഎഡും നേടിയതെന്ന് പ്രിയ വര്‍ഗീസ്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച് താന്‍ വ്യക്തിപരമായി ആക്രമിക്കപ്പെടുകയാണ്. സൈബര്‍ അക്രമങ്ങളും വിവാദങ്ങളും ഉണ്ടാകുന്നത് രാഗേഷിന്റെ ഭാര്യയായത് കൊണ്ടും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നത് കൊണ്ടുമാണെന്ന് പ്രിയ വര്‍ഗീസ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ വസ്തുതകള്‍ അന്വേഷിക്കുന്നില്ല. മാധ്യമങ്ങള്‍ തന്റെ സ്‌കോറുകളെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. 26 വര്‍ഷം പരിചയമുള്ള അധ്യാപകനെന്ന് ചാനലുകള്‍ എഴുതി കാണിക്കുകയും അയാള്‍ എന്തുകൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസര്‍ ആയില്ലെന്ന സംശയം ഉന്നയിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രിയ വര്‍ഗീസ് ആക്രമിക്കപ്പെടുന്നതെന്നും പ്രിയ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

പ്രിയ വര്‍ഗീസ് പറഞ്ഞത്: ''വിസിയെയും സര്‍വകലാശാല സംവിധാനങ്ങളെ മുഴുവന്‍ ഇവര്‍ അപമാനിക്കുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ മുഴുവന്‍ അപമാനിക്കുകയാണ് അത്തരമൊരു പരാമര്‍ശത്തിലൂടെ. റാങ്ക് പട്ടികയില്‍ ഒന്നാമത് വന്നതിന്റെ കാരണം കെകെ രാഗേഷിന്റെ ഭാര്യയാണെന്നത് കൊണ്ട് അല്ല. രാഗേഷിന്റെ ഭാര്യയായത് കൊണ്ട് അല്ല ഞാന്‍ നെറ്റ് പാസായതും രണ്ട് പിജിയും ബിഎഡും നേടിയതും. എന്റെ അക്കാദമിക് കരിയറില്‍ നേടിയിട്ടുള്ള നേട്ടങ്ങളൊക്കെ രാഗേഷിന്റെ ഭാര്യയായത് കൊണ്ടല്ല. അതിനൊക്കെ മുന്‍പേ നേടിയതാണ്.''

''പക്ഷെ ആക്രമണങ്ങളും വിവാദങ്ങളും ഉണ്ടാകുന്നത് രാഗേഷിന്റെ ഭാര്യയായത് കൊണ്ടും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നത് കൊണ്ടുമാണ്. വ്യക്തിപരമായിട്ടുള്ള വേട്ടയാടലുകള്‍ക്കാണ് ഞാന്‍ വിധേയമായിട്ടുള്ളത്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് ഏത് നിയമനടപടിക്കും ഏത് അറ്റം വരെയും പോകാനാണ് തീരുമാനം.''

''മാധ്യമങ്ങള്‍ എന്റെ സ്‌കോറുകളെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. മറ്റുള്ളവരുടെ സ്‌കോറുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. ഞാനുമായിട്ട് ബന്ധപ്പെട്ട രേഖകളെല്ലാം വളച്ചൊടിക്കുകയാണ്. നിയമോപദേശം കിട്ടിയപ്പോള്‍ പറയുകയാണ്, ഇതിന്റെ മറവില്‍ ചെയ്തതാണെന്ന്. ഒന്നാം റാങ്ക് വരുന്നതിന്റെ മുന്‍പ് തന്നെ ഇവിടെ ചര്‍ച്ച തുടങ്ങിയിരുന്നു. മാധ്യമങ്ങള്‍ വസ്തുതകള്‍ അന്വേഷിക്കുന്നില്ല.''

''26 വര്‍ഷം പരിചയമുള്ള അധ്യാപകനെന്ന് ചാനലുകള്‍ എഴുതി കാണിക്കുകയും അയാള്‍ എന്തുകൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസര്‍ ആയില്ലെന്ന സംശയം ഉന്നയിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രിയ വര്‍ഗീസ് ആക്രമിക്കപ്പെടുന്നത്. ഇതൊന്നുമില്ലെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞാലും ഞാനും അസോസിയേറ്റ് പ്രൊഫസറാകും. 26 വര്‍ഷം സര്‍വീസുള്ള ഒരാള്‍ സ്വാഭാവികമായി അസോ.പ്രൊഫസരാകും. അഭിമുഖ ദിവസം മുതല്‍ എനിക്കെതിരെ ഒരോ പരാതികളാണ്. രാഷ്ട്രീയ താല്‍പര്യം വച്ചുള്ള പരാതികളാണെന്നത് വ്യക്തമാണ്.''

''നിയമന ഉത്തരവ് വൈകുന്നതിന്റെ കാരണം ഇവരാണ്. എന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞ ഒന്നാം തീയതി മാത്രമാണ് നടന്നത്.''

Next Story