Top

ഗൗരിലക്ഷ്മിക്കായി ഒരു ദിവസത്തെ യാത്ര മാറ്റിവെച്ച് ഒറ്റപ്പാലത്തെ സ്വകാര്യ ബസുകള്‍

കഴിഞ്ഞ ദിവസം പാലക്കാട് കോഴിക്കോട് റൂട്ടിലെ ബസുകളും ധനസമാഹരണത്തിനായി കാരുണ്യ യാത്ര നടത്തിയിരുന്നു

12 April 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗൗരിലക്ഷ്മിക്കായി ഒരു ദിവസത്തെ യാത്ര മാറ്റിവെച്ച് ഒറ്റപ്പാലത്തെ സ്വകാര്യ ബസുകള്‍
X

പാലക്കാട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച പാലക്കാട്ടെ ഒന്നരവസ്സുകാരി ഗൗരിലക്ഷ്മിക്കായി ഒരു ദിവസത്തെ സര്‍വീസ് നടത്തി ഒറ്റപ്പാലത്തെ സ്വകാര്യ ബസുകള്‍. ഓള്‍ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഗൗരിലക്ഷമിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ കാരുണ്യ യാത്ര നടത്തിയത്. കഴിഞ്ഞ ദിവസം പാലക്കാട് കോഴിക്കോട് റൂട്ടിലെ ബസുകളും ധനസമാഹരണത്തിനായി കാരുണ്യ യാത്ര നടത്തിയിരുന്നു.

അമ്പതോളം ബസുകളാണ് കാരുണ്യ യാത്രയില്‍ പങ്കാളികളായത്. ഗുരുവായൂര്‍, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തിരുവില്വാമല, കോങ്ങാട്, കോട്ടായി, പാലക്കാട്, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ ഉദ്യമത്തില്‍ പങ്കാളികളായി. കഴിഞ്ഞ ദിവസത്തെ ഉടമയുടെ ലാഭവും ജീവനക്കാരുടെ ശമ്പളവും ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി മാറ്റിവെക്കും. ഒറ്റപ്പാലം ജോയിന്റ് ആര്‍ടിഒ യു മുജീബ് റഹ്മാന്‍ യാത്രയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.

ഷൊര്‍ണൂര്‍ കള്ളിപ്പാടം കുന്നത്തു വീട്ടിലെ കെ.എല്‍. ലിജുവിന്റെയും നിതയുടെയും മകളായ ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്കായി 16 കോടി രൂപയുടെ മരുന്നാണ് ആവശ്യം. രണ്ടു വയസ്സ് പൂര്‍ത്തിയാവുന്നതിനുളളില്‍ മരുന്നെത്തിച്ചു നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

പ്രായമായിട്ടും കുഞ്ഞു മുട്ടിലിഴയുകയോ സ്വയം ഇരിക്കുകയോ ചെയ്യാത്തതിനെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗം ബാധിച്ച വിവരം അറിയുന്നത്. വിദേശത്തു നിന്നു വേണം ചികിത്സക്കാവശ്യമായ മരുന്നെത്തിക്കാന്‍. ഇതിനായി 16 കോടി രൂപ കണ്ടെത്താന്‍ കുടുംബത്തിനു കഴിയില്ല. ഇനി സുമനസ്സുകളുടെ സഹായമാണു കുടുംബത്തിന്റെ പ്രതീക്ഷ. ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് ലിജു.

മരുന്ന് ഇറക്കുമതി ചെയ്യാനായി സര്‍ക്കാരിന്റെ അനുമതി വേണം. ഇത് ഉടന്‍ ലഭിക്കുമെന്നു ഡോ. എബിന്‍ റോഷന്‍ പോള്‍ പറഞ്ഞു. പണം കണ്ടെത്താനുള്ള കഷ്ടപ്പാടിലാണ് ഇപ്പോള്‍ കുടുംബം. ഇവര്‍ക്ക് വേണ്ടി ഒരു നാടു മുഴുവനും ശ്രമിക്കുന്നുണ്ട്. സുമനസ്സുകളുടെ സഹായം ലഭ്യമാകുന്നതിനായി ഷൊര്‍ണൂര്‍ കുളപ്പുള്ളി പഞ്ചാബ് നാഷനല്‍ ബാങ്കില്‍ ലിജുവിന്റെ പേരില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 4302001700011823. IFSC CODE PUBN0430200. ഫോണ്‍: 9847200415.

STORY HIGHLIGHTS: Private buses to Ottapalam reserve a day's journey for Gauri Lakshmi

Next Story