Top

തിരുവനന്തപുരത്ത് ബസ് സമരമില്ല; സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു

ന​ഗരത്തിലെ 90 ബസുകളും സ​ർവീസ് നടത്തുന്നുണ്ട്.

24 March 2022 3:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് ബസ് സമരമില്ല; സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു
X

തിരുവനന്തപുരം: സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച പണിമുടക്കിൽ വിട്ടുനിന്ന് ജില്ലയിലെ സ്വകാര്യ ബസുകൾ. ബസുടമകൾ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബസുകൾ സർവീസ് നടത്തുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ന​ഗരത്തിലെ 90 ബസുകളും സ​ർവീസ് നടത്തുന്നുണ്ട്. മിനിമം നിരക്കും, വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് ബസ് പണിമുടക്ക് പ്രഖ്യാപിച്ചത്.

പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസികൾ ഇന്ന് അധിക സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതൽ സർവ്വീസ് നടത്താനുള്ള കെഎസ്ആർടിസി എം ഡി യുടെ നിർദ്ദേശം. ഒന്നു മുതൽ ഒമ്പത് വരെയുളള ക്ലാസുകളിൽ വാർഷിക പരീക്ഷ നടക്കുന്നതിനാൽ സമരം വിദ്യാർത്ഥികളേയും ബാധിച്ചിട്ടുണ്ട്. ഈ മാസം 30 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ഇന്നലെ അർധ രാത്രി മുതലാണ് സമരം തുടങ്ങിയത്. മിനിമം ബസ് ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഉടമകൾ ​ഗതാ​ഗത മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

12,000 സ്വകാര്യ ബസുകളിൽ കൊവിഡ് കാലത്തിനു ശേഷം സർവീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകൾ നിരത്തിലിറക്കില്ലെന്നു ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോൺസൺ പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബുവും പറഞ്ഞു.

STORY HIGHLIGHTS: No Private Bus Strike in Thiruvananthapuram District

Next Story

Popular Stories