Top

ബസ് സമരം; വടക്കന്‍ ജില്ലകളില്‍ യാത്രാ ദുരിതം, കെഎസ്ആര്‍ടിസി അധിക സര്‍വീസും 'കട്ടപ്പുറത്ത് '

24 March 2022 4:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബസ് സമരം; വടക്കന്‍ ജില്ലകളില്‍ യാത്രാ ദുരിതം, കെഎസ്ആര്‍ടിസി അധിക സര്‍വീസും കട്ടപ്പുറത്ത്
X

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചതിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ യാത്രാ ദുരിതം രൂക്ഷം. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് അധിക സര്‍വ്വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസിയും ഗതാഗത മന്ത്രിയും അറിയിച്ചിരുന്നെങ്കിലും ഇത് കാര്യക്ഷമാവാത്തതാണ് തിരിച്ചടിയായത്. സ്വകാര്യ ബസ് സമരം നേരിടാന്‍ കൂടുതല്‍ സര്‍വ്വീസ് നടത്താനായിരുന്നു കെഎസ്ആര്‍ടിസി എംഡി യുടെ നിര്‍ദ്ദേശം. എന്നാല്‍ മതിയായ ജീവനക്കാരും ബസുകളും ഇല്ലാത്തതാണ് അധിക സര്‍വീസുകള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നത് എന്നാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പെടെ കെഎസ്ആര്‍ടിയുടെ അധിക സര്‍വീസ് നടക്കുന്നില്ല. സ്വകാര്യ ബസുകള്‍ നിരവധിയുള്ള എറണാകുളത്തും കെഎസ്ആര്‍ടിയുടെ അധിക സര്‍വീസുകള്‍ കാര്യക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശ്ശൂര്‍ ജില്ലയിലും സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം പൂര്‍ണ്ണമാണ്. 1400 ബസ്സുകളാണ് തൃശ്ശര്‍ ജില്ലയില്‍ നിരത്തിലിറക്കാതെ സമരത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ തൃശ്ശൂര്‍ ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിനിമം ബസ് ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. 12,000 സ്വകാര്യ ബസുകളില്‍ കോവിഡ് കാലത്തിനു ശേഷം സര്‍വീസിനിറങ്ങിയത് 5500 ബസുകളാണ്. സമരത്തിന്റെ ഭാഗമായി ഈ ബസുകള്‍ നിരത്തിലിറക്കില്ലെന്നു ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ പയ്യപ്പിള്ളിയും സംയുക്ത സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബുവും വ്യക്തമാക്കുന്നു.

എന്നാല്‍, സമരത്തെ വിമര്‍ശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് എത്തി. ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിലൂടെ ചാര്‍ജ് വര്‍ധിപ്പിച്ചെന്ന് വരുത്തി തീര്‍ക്കാനാണ് ഇന്നത്തെ ബസ് സമരമെന്നാിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. അധികം താമസിയാതെ ചാര്‍ജ് വര്‍ധന നടപ്പിലാക്കുമെന്ന് അവര്‍ക്ക് തന്നെ അറിയാം. പരീക്ഷകള്‍ അടക്കം നടക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഇത്തരം ഒരു സമരത്തിന്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ആന്റണി രാജു പറഞ്ഞു. ബസ് മിനിമം നിരക്ക് വര്‍ധിപ്പിക്കുന്നതടക്കം ഈ മാസം 30 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബസ് ഉടമകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം വൈകിയിട്ടില്ല. ഫെയര്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് നേരത്തെ അറിയിച്ചതാണ്. ബസ് ഉടമകള്‍ ചര്‍ച്ചക്ക് തയ്യാറായാല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

മിനിമം ബസ് ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്ന ആവശ്യമുയര്‍ത്തിയാണ് ഇന്ന് ബസ് സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ ഗതാഗത മന്ത്രിയെ അറിയിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാര്‍ജ് വര്‍ദ്ധനവ് ചര്‍ച്ചയായിരുന്നില്ല. സാധനങ്ങളുടെ വിലക്കയറ്റത്തിലും ഇന്ധന നിരക്ക് ഉയരുന്നതിലും ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ബസ് ചാര്‍ജ് വര്‍ദ്ധന വൈകിപ്പിക്കുകയാണ് മന്ത്രിസഭ. ഓട്ടോ ടാക്‌സി ഉടമകളും സമരത്തിലേക്ക് നീങ്ങുമെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Private Bus strike Travel distress in Kerala northern districts

Next Story