Top

യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് സമരം; ചർച്ചയ്ക്കു വിളിക്കാതെ സർക്കാർ

ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ബസ് ഉടമ സംയുക്ത സമിതി ജനറൽ കൺവീനർ ടി.ഗോപിനാഥൻ

25 March 2022 12:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് സമരം; ചർച്ചയ്ക്കു വിളിക്കാതെ സർക്കാർ
X

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി ആരംഭിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പലയിടങ്ങളിലും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ബസ് ഉടമകളെ ഇതുവരെ സർക്കാർ ചർച്ചയ്ക്കു വിളിച്ചിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നു ബസ് ഉടമ സംയുക്ത സമിതി ജനറൽ കൺവീനർ ടി.ഗോപിനാഥൻ പറഞ്ഞു. അതേസമയം, ബസ് ഉടമകളുടെ സമ്മർദ്ദത്തിലൂടെ ചാർജ് വർധിപ്പിച്ചെന്ന് വരുത്തി തീർക്കാനാണ് ഇപ്പോൾ നടക്കുന്ന ബസ് സമരമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചാർജ് വർധന പ്രഖ്യാപിച്ചിരിക്കെ സമരം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മിനിമം ബസ് ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം, കൊവിഡ് കാലത്തെ ടാക്സ് ഒഴിവാക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം നടക്കുന്നത്. തിരുവനന്തപുരം സിറ്റിയിൽ സ്പെഷൽ പെർമിറ്റുള്ള ചില ബസുകൾ സർവീസ് നടത്തിയത് ഒഴികെ സംസ്ഥാനത്ത് ഇന്നലെ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അധിക സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നുവെങ്കിലും പല ജില്ലകളിലും കെഎസ്ആർടിസിക്ക് അധിക സർവീസുകൾ നടത്താൻ സാധിച്ചില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലായി.

Story highlights: Private bus strike that started on Wednesday in the state continues

Next Story