Top

'നിരക്ക് വര്‍ധനയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി'; സമരം പിന്‍വലിച്ചതായി ബസുടമകള്‍

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചര്‍ച്ച നടത്തിയത്.

27 March 2022 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിരക്ക് വര്‍ധനയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി; സമരം പിന്‍വലിച്ചതായി ബസുടമകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായും നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.

നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകള്‍ സമരം ആരംഭിച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്ന ആവശ്യമാണ് ബസുടമകള്‍ മുന്നോട്ടുവെച്ചത്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചര്‍ച്ച നടത്തിയത്. ബസ് സമരത്തെ തുടര്‍ന്ന് മലബാര്‍ മേഖലയിലടക്കം വലിയ യാത്രാക്ലേശം ഉണ്ടായിരുന്നു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധനയാണ് പ്രധാനമായും ഉന്നയിച്ചതെന്നും അവര്‍ വ്യക്തമാക്കി. വാഹന നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുണ്ട്. ഈ മാസം 30 ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം വര്‍ധന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ബസുടമകള്‍ കൂട്ടിച്ചേര്‍ത്തു.

എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ; 4,26,999 വിദ്യാർത്ഥികൾ പരീക്ഷ എഴുതും

സംസ്ഥാനത്തെ എസ്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷക്കുളള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെയ് 3 മുതൽ എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷയാരംഭിക്കും. പ്ലസ്ടു പരീക്ഷ മാർച്ച്‌ 31 മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആകെ 2962 സെന്ററുകളിലായാണ് പരീക്ഷ നടക്കുന്നത്. 4,26,999 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 4,32,436 പേർ ഹയർ സെക്കൻഡറി പരീക്ഷ എഴുതും. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 2005 പരീക്ഷാ കേന്ദ്രങ്ങളാണ് ഉളളത്.

പരീക്ഷകൾക്ക് മുന്നോടിയായി അധ്യാപക, അനധ്യാപക സംഘടനകളുടെ ഉന്നതതല യോഗം ചേർന്നു. പരീക്ഷാ സമയത്ത് പൊലീസ്, വാട്ടർ അതോറിറ്റി, കെഎസ്ഇബി, കെഎസ്ആർടിസി എന്നിവയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ അദാലത്ത് വിളിച്ചിട്ടുണ്ട്. ബോധപൂർവം നിയമപരിരക്ഷ ഇല്ലാത്ത ഫയലുകൾ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

നല്ല തയാറെടുപ്പോടെയാണ് സ്കൂളുകൾ തുറക്കുന്നത്. ജൂൺ ഒന്നിന് എല്ലാ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി ശിൽപശാല സംഘടിപ്പിക്കും. സ്കൂളുകളുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തക വിതരണം പൂർത്തിയാക്കും. ടി സി കിട്ടാത്തതിൻ്റെ പേരിൽ ഒരു വിദ്യാർത്ഥിയുടെ പഠനവും മുടങ്ങില്ല. അംഗീകാരമില്ലാത്ത സ്കൂളുകളുടെ കണക്കെടുക്കും. അമിത ഫീസ് സംബന്ധിച്ച പരാതികൾ പരിശോധിച്ചു വരികയാണ്. ഒന്നാം ക്ലാസിൽ ചേരാനുള്ള കുട്ടികളുടെ പ്രായം ഈ വർഷം 5 വയസ്സായിരിക്കും. അടുത്ത വർഷം മാറ്റം വേണമോ എന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

STORY HIGHLIGHTS: Private bus strike has been called off Bus owners

Next Story