Top

'ജയില്‍ ജീവിതം പുതിയ അനുഭവം'; ജന്മനാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമെന്ന് പി സി ജോര്‍ജ്

27 May 2022 6:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയില്‍ ജീവിതം പുതിയ അനുഭവം; ജന്മനാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമെന്ന് പി സി ജോര്‍ജ്
X

കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ജയില്‍ മോചിതനായ പി സി ജോര്‍ജ് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തെത്തി. ജന്മനാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ജനങ്ങൾ സത്യം മനസിലാക്കിയെന്നും പി സി ജോര്‍ജ് പ്രതികരിച്ചു. തന്നെ സ്വീകരിക്കാനെത്തിയ ആൾക്കൂട്ടം അതാണ് തെളിയിക്കുന്നത്. ജയിൽ ജീവിതം പുതിയ അനുഭവമായിരുന്നു. തന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി മറ്റന്നാള്‍ തൃക്കാക്കരയില്‍ പറയും. രാഷ്ട്രീയ പ്രവർത്തകന്‍റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ പി സി ജോ‍‍ർജ് തൃക്കാക്കരയിൽ എത്തും. ജയില്‍ മോചിതനായ പിസി ജോര്‍ജിനെ പൊന്നാടയണിയിച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ഇതിനിടെ ബിജെപി സംഘം മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വി വി രാജേഷ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നാണ് രാജേഷിന്റെ വിശദീകരണം. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ഡിജിപിക്ക് പരാതി നൽകി.

കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പ്രായം കണക്കിലെടുത്താണ് ജാമ്യം നൽകിയത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലേയും വെണ്ണല വിദ്വേഷ പ്രസംഗത്തിലും ജാമ്യം അനുവദിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ച് സംഭവിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി. പാഠം പഠിച്ചു, ആവര്‍ത്തിക്കില്ല, ഏത് ഉപാധിയും അംഗീകരിക്കാമെന്ന് പിസി ജോര്‍ജ് കോടതിയില്‍ പറഞ്ഞു.

STORY HIGHLIGHTS: Prison life is a new experience says PC George

Next Story