Top

'ബിജെപിയുടെ നയങ്ങളുടെ വിജയം'; യുപിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചെന്ന് പ്രധാനമന്ത്രി

വിക്ടറി ഫോര്‍ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് വിജയത്തെ വിശേഷിപ്പിച്ചത്.

10 March 2022 3:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയുടെ നയങ്ങളുടെ വിജയം; യുപിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചെന്ന് പ്രധാനമന്ത്രി
X

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലേക്ക് നേടിയ വിജയത്തില്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിക്ടറി ഫോര്‍ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് വിജയത്തെ വിശേഷിപ്പിച്ചത്. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

ഇത് എന്‍ഡിഎ പ്രവര്‍ത്തകരുടെ വിജയമാണ്. മാര്‍ച്ച് 10 മുതല്‍ ഹോളി ആരംഭിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ പങ്കെടുത്തതിനും ബിജെപിക്ക് ഈ വിജയം ഉറപ്പാക്കിയതിന് എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുകയായിരുന്നു. യുപിയില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് ചരിത്ര ദിവസമാണെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

ഗോവയില്‍ ബിജെപി നേടിയ വിജയത്തോടെ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിഞ്ഞു. ഉത്തരാഖണ്ഡില്‍ ബിജെപി പുതിയ ചരിത്രം രചിച്ചു, സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം തവണയും ആദ്യമായി ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നിരിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. കന്നി വോട്ടര്‍മാര്‍ ബിജെപിക്ക് ഒപ്പം നിന്നു. ഇത് വിജയത്തിന് നിര്‍ണായകമായി. 2019ല്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍, 2017ലെ യുപിയിലെ വിജയമാണ് ഇതിന് കാരണമെന്ന് 'വിദഗ്ധര്‍' പറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പ് ഫലം 2024ലെ ദേശീയ തെരഞ്ഞെടുപ്പിന്റെ ഭാഗധേയം തീരുമാനിക്കുമെന്ന് ഇതേ 'വിദഗ്ധര്‍' പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചു.

ബിജെപിയുടെ നയങ്ങളുടെ വിജയമാണ് സംസ്ഥാനങ്ങളില്‍ കണ്ടത്. സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാവരിലേക്കും എത്തിക്കുമെന്ന വാക്ക് പാലിച്ചു. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ വോട്ട് ചെയ്ത മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കുന്നു. യുപിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചിരിക്കുകയാണ്. ജാതി വാദ രാഷ്ട്രീയം കളിക്കുന്നവര്‍ യുപിയിലെ ജനങ്ങളെ അപമാനിച്ചു എന്നും പ്രധാനമന്ത്രി ആരോപിച്ചു.

നെഹ്‌റു കുടുംബത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി കുടുംബാംധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും എന്നും മുന്നറിയിപ്പ് നല്‍കി. താന്‍ ഒരു കുടുംബത്തിനും എതിരല്ല എന്നും അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

യുപി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങളാണ് പുറത്ത് വന്നത്. ഇതില്‍ പഞ്ചാബ് ഒഴികെ മറ്റ് നാല് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം നടത്തി. പിന്നാലെയാണ് പ്രധാനമന്ത്രി പ്രവര്‍ത്തരെ അഭിസംബോധന ചെയ്തത്.

Content Highlight: Prime Minister Narendra Modi addresses party workers at BJP HQ in Delhi after 5 state election result

Next Story