Top

ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന ദേവഗൗഡയുടെ നിലപാട്; എല്‍ജെഡി- ജെഡി(എസ്) ലയനത്തില്‍ അനിശ്ചിതത്വം

മൂന്നുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു എല്‍ജെഡി- ജെഡി(എസ്) സംസ്ഥാന ഘടകങ്ങള്‍ ലയന തീരുമാനം അന്തിമമാക്കിയത്

8 July 2022 5:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന ദേവഗൗഡയുടെ നിലപാട്; എല്‍ജെഡി- ജെഡി(എസ്) ലയനത്തില്‍ അനിശ്ചിതത്വം
X

കൊച്ചി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍ ദേശീയ നേതൃത്വം വ്യക്തമാക്കിയതോടെ ലോക്താന്ത്രിക് ജനതാദള്‍- ജനതാദള്‍ ലയനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മൂന്നുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു എല്‍ജെഡി- ജെഡി(എസ്) സംസ്ഥാന ഘടകങ്ങള്‍ ലയന തീരുമാനം അന്തിമമാക്കിയത്. ഇതിനിടെ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കുമെന്ന് ജെഡി(എസ്) ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ പ്രഖ്യാപിച്ചതോടെ തീരുമാനത്തില്‍ നിന്ന് നേതാക്കള്‍ പിന്നോട്ട് പോവുകയായിരുന്നു.

എല്‍ഡിഎഫ് സഖ്യകക്ഷിയായ ജെഡി(എസി)നെയും ദേശീയ നേതൃത്വത്തിന്റെ തീരുമാനം പ്രതിസന്ധിയിലാക്കി. സിപിഐഎമ്മും സിപിഐയും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ലയനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും പൂര്‍ണധാരണയിലെത്തിയിരുന്നതാണ്. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള സ്ഥാനങ്ങളിലും തീരുമാനമായിരുന്നു. ആഗസ്റ്റ് പകുതിയോടെ കോഴിക്കോട് വെച്ച് റാലിക്കൊപ്പം ലയന സമ്മേളനം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. ജെഡി(എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പ്രസിഡന്റായി തുടരാനും, എം വി ശ്രേയാംസ്‌കുമാറിനെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാനും ധാരണയായിരുന്നു. ഇതിന് മുന്നോടിയായി കോഴിക്കോട് ജൂലൈ 14ന് ഇരുസംഘടനകളുടെയും സംയുക്ത സംസ്ഥാന കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചു.

സംസ്ഥാന നേതാക്കളുടെ തീരുമാനം ദേവഗൗഡയെ അറിയിക്കാന്‍ മാത്യു ടി തോമസ്, കെ കൃഷ്ണന്‍കുട്ടി, എം വി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ ബംഗളൂരുവിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ദേശീയ തലത്തില്‍ ഗൗഡ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാന നേതാക്കള്‍ ആശയകുഴപ്പത്തിലായി. തുടര്‍ന്ന് എച്ച്.ഡി ദേവഗൗഡയുമായുള്ള ചര്‍ച്ചയില്‍ നിന്ന് എല്‍ജെഡി പിന്‍വാങ്ങുകയായിരുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് അനുകൂലമായ തീരുമാനമെടുക്കാനാകില്ലെന്ന് എല്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി. ബിജെപിയുടെ ഫാസിസ്റ്റ് നിലപാട് അടുത്തിടെ പല സന്ദര്‍ഭങ്ങളിലൂടെയും തുറന്നുക്കാട്ടപ്പെട്ടിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ച് ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നു അദ്ദേഹം വ്യക്തമാക്കി. ലയന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും, എന്നാല്‍ ദേവഗൗഡയുടെ തീരുമാനം അന്തിമമായിരിക്കുമെന്നുമായിരുന്നു ജെഡി(എസ്) നേതാക്കളുടെ പ്രതികരണം.

Story Highlights: Presidential election puts LJD and JD(S) in uncertainty

Next Story