Top

'കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാദം പച്ചക്കള്ളം, കാര്‍ഡ് എസ്എഫ്‌ഐക്കാര്‍ വാങ്ങിയിരുന്നു'; കെഎസ്ആര്‍ടിസിയെ തള്ളി പ്രേമനന്‍

മര്‍ദനമേറ്റ സെപ്തംബര്‍ 20 ന് വൈകിട്ട് ആശുപത്രിയിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കാമെന്ന് അറിയിച്ചിരുന്നു

2 Oct 2022 3:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വാദം പച്ചക്കള്ളം, കാര്‍ഡ് എസ്എഫ്‌ഐക്കാര്‍ വാങ്ങിയിരുന്നു; കെഎസ്ആര്‍ടിസിയെ തള്ളി പ്രേമനന്‍
X

കാട്ടാക്കട: കെഎസ്ആര്‍ടിസിയെ തള്ളി വീണ്ടും പ്രേമനന്‍ രംഗത്ത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് കണ്‍സഷന്‍ ടിക്കറ്റ് നല്‍കിയതെന്ന കെഎസ്ആര്‍ടിസി വാദം പച്ചക്കള്ളമാണെന്ന് കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ പ്രേമനന്‍ പറയുന്നു. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തന്നെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കണ്‍സെഷന്‍ ടിക്കറ്റ് എത്തിച്ചു നല്‍കിയത്.

മര്‍ദനമേറ്റ സെപ്തംബര്‍ 20 ന് വൈകിട്ട് ആശുപത്രിയിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കി നല്‍കാമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് കണ്‍സെഷന്‍ കാര്‍ഡും 2 ഫോട്ടോയും 700 രൂപയും അവര്‍ക്ക് കൈമാറി. പിന്നീട് അവര്‍ ഒന്നും പറഞ്ഞിരുന്നില്ല. ശേഷം 26 ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രേമനന്‍ പറയുന്നു.

എന്നാല്‍ കാര്‍ഡ് കൈയ്യിലില്ലായിരുന്നതിനാല്‍ നഷ്ടപ്പെട്ടുവെന്ന് ജീവനക്കാര്‍ എഴുതി വാങ്ങുകയും മകളുടെ കണ്‍സെഷന്‍ ടിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 20നു തന്നെ ആശുപത്രിയിലേക്ക് അയച്ചിട്ട് പരീക്ഷയ്ക്ക് പോയ ശേഷം മകള്‍ കോളേജില്‍ പോകുന്നത് 26നാണ്. അന്നു വൈകിട്ടാണ് കണ്‍സഷന്‍ ടിക്കറ്റുമായി ഉദ്യോഗസ്ഥരെത്തിയതെന്നും പ്രേമനന്‍ വിശദീകരിച്ചു.

മതിയായ രേഖകകള്‍ കൈമാറിയ ശേഷമാണ് കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ പുതുക്കി നല്‍കിയതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാര്‍ത്ഥിയാണെന്ന രേഖകള്‍ ഹാജരാക്കാതേയുമാണ് കണ്‍സെഷന്‍ അനുവദിച്ചതെന്ന പ്രചാരണത്തിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകരന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഈ വാദം തള്ളുകയാണ് പ്രേമനന്‍. ഒരാഴ്ച മുമ്പാണ് മകളുടെ കണ്‍സെഷന്‍ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍ കൂട്ടംചേര്‍ന്ന് കയ്യേറ്റം ചെയ്തത്. കണ്‍സെഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമായിരുന്നു മര്‍ദ്ദനത്തില്‍ കലാശിച്ചത്.

Next Story

Popular Stories