Top

'പ്രേം നസീര്‍ ബിജെപിയില്‍ ചേരണമായിരുന്നു'; മുഖ്യമന്ത്രിയായേനെയെന്ന് ആര്‍എസ്എസ് മുന്‍ പ്രചാരക്

സുരേഷ് ഗോപി ക്രൗഡ് പുള്ളറാണ്. ശക്തനായ ഒരാളായതിനാലാണ് കോര്‍കമ്മിറ്റിയിലേക്ക് എടുത്തത്. എന്നാല്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുമോയെന്ന് അറിയില്ലെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു

14 Oct 2022 4:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രേം നസീര്‍ ബിജെപിയില്‍ ചേരണമായിരുന്നു; മുഖ്യമന്ത്രിയായേനെയെന്ന് ആര്‍എസ്എസ് മുന്‍ പ്രചാരക്
X

കൊച്ചി: നടന്‍ പ്രേം നസീര്‍ ബിജെപിയില്‍ ചേരണമായിരുന്നുവെന്ന് ആര്‍എസ്എസ് മുന്‍ പ്രചാരക് പി പുരുഷോത്തമന്‍. പ്രേംനസീര്‍ കോണ്‍ഗ്രസില്‍ പോയതുകൊണ്ടാണ് പരാജയപ്പെട്ടതെന്നും പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു. ബിജെപി മുന്‍ എംപി സുരേഷ് ഗോപി കോര്‍കമ്മിറ്റിയില്‍ വരുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു പുരുഷോത്തമന്‍.

സംഘടനാ കാര്യങ്ങള്‍ അറിയാത്ത സുരേഷ് ഗോപി കോര്‍കമ്മിറ്റി അംഗമായാലും ബിജെപി അധ്യക്ഷനായാലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിന്, സംഘടനാ കാര്യങ്ങള്‍ അറിയില്ലെന്ന് സുരേഷ് ഗോപി എവിടെയും പറഞ്ഞതായി തനിക്ക് അറിവില്ല. സുരേഷ് ഗോപിയെകുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോയെന്നും പുരുഷോത്തമന്‍ റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

സുരേഷ് ഗോപി സംസ്ഥാന അധ്യക്ഷനായാല്‍ തന്നെ എല്ലാ ദിവസവും മാധ്യമങ്ങളോട് സംസാരിക്കേണ്ടി വരും. സിനിമാക്കാര്‍ക്ക് സ്‌ക്രിപ്റ്റ് ഇല്ലാതെ സംസാരിക്കാന്‍ കഴിയുമോയെന്ന് ഇടപെട്ട് ചോദിച്ചതോടെ എംജിആറും എന്‍ടിആറും ജയലളിതയും രാഷ്ട്രീയത്തില്‍ തിളങ്ങിയില്ലേയെന്നും പുരുഷേത്താമന്‍ ചോദിച്ചു.

'സംഘടനാകാര്യങ്ങള്‍ അറിയില്ലെന്ന് സുരേഷ് ഗോപി എവിടേയും പറഞ്ഞിട്ടില്ല. എംജിആറും എന്‍ടി രാമറാവുവും മുഖ്യമന്ത്രിയായിരുന്നില്ലേ, ജയലളിത രാഷ്ട്രീയത്തിലേക്ക് വന്നില്ലേ. പ്രേംനസീര്‍ കോണ്‍ഗ്രസില്‍ പോയത് കൊണ്ടാണ് പരാജയപ്പെട്ടത്. ബിജെപിയില്‍ വരണമായിരുന്നു.' പുരുഷേത്താമന്‍ പറഞ്ഞു.

സുരേഷ് ഗോപി ക്രൗഡ് പുള്ളറാണ്. ശക്തനായ ഒരാളായതിനാലാണ് കോര്‍കമ്മിറ്റിയിലേക്ക് എടുത്തത്. എന്നാല്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുമോയെന്ന് അറിയില്ലെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. സുരേഷ് ഗോപിക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. ബിജെപിയില്‍ ആര്‍എസ്എസുകാരുണ്ടാവും, മറ്റ് പാര്‍ട്ടിയില്‍ നിന്നും വന്നവരും വരുന്നവരും ഉണ്ടാവും. ഇവരെയെല്ലാം കൂട്ടികൊണ്ടുപോകുന്ന ഒരു നേതൃത്വമാണ് ഉണ്ടാവേണ്ടത്. ബിജെപിയില്‍ വ്യക്തിപൂജയില്ലെന്നും പുരുഷോത്തമന്‍ പറഞ്ഞു.

Next Story