Top

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചു; പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന യുവതിയും ഭര്‍ത്താവും വെന്തുമരിച്ചു

തീ ഉയരുന്നതിനിടെ പുറകിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു

2 Feb 2023 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചു; പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന യുവതിയും ഭര്‍ത്താവും വെന്തുമരിച്ചു
X

കണ്ണൂര്‍: ഓടുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും വെന്തുമരിച്ചു. നാല് പേര്‍ രക്ഷപ്പെട്ടു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയായിരുന്നു സംഭവമുണ്ടായത്. പ്രസവ വേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

റീഷയും ഭര്‍ത്താവും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ ഒരു കുട്ടി അടക്കം നാല് പേര്‍ പിന്‍സീറ്റിലിരുന്നിരുന്നു. തീ ഉയരുന്നതിനിടെ പുറകിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ വലതുവശത്തു നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്.

കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ച ശേഷമാണ് മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുക്കാനായത്. കാറിന്റെ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതാണ് രണ്ടുപേരുടെ മരണത്തിന് കാരണമായതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം അറിയാന്‍ വിദഗ്ധ പരിശോധന ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Pregnant Woman And Husband Died In Car Fire At Kannur

Next Story