Top

'എത്ര അപകടകരമാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും'; മറകെട്ടിയുള്ള ചര്‍ച്ചയെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര

'സങ്കുചിത സ്ത്രീവിരുദ്ധ മതബോധത്തെ നിരന്തരമായി എതിര്‍ക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇതൊക്കെ തെളിയിക്കുന്നത്'

7 July 2022 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എത്ര അപകടകരമാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും; മറകെട്ടിയുള്ള ചര്‍ച്ചയെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര
X

തൃശൂര്‍: മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളെ ലിംഗാടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരുത്തി നടത്തിയ ചര്‍ച്ചയെ വിമര്‍ശിച്ച് പ്രമോദ് പുഴങ്കര. ജെന്‍ഡര്‍ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ആണുങ്ങളും പെണ്ണുങ്ങളുമായ വിദ്യാര്‍ത്ഥികള്‍, സാധാരണഗതിയില്‍ ഒരു ബഹുസ്വര പൊതുസമൂഹത്തില്‍ തുറന്ന് ഇടപഴകാന്‍ ശേഷിയുണ്ടാകേണ്ട ആ വിദ്യാര്‍ത്ഥികള്‍ ഒരു മറയ്ക്കപ്പുറമിപ്പുറം ഇരിക്കുമ്പോള്‍ എത്ര അപകടകരമായാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് കാണണമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രമോദ് പുഴങ്കര വിമര്‍ശിക്കുന്നു.

'ആര്‍ത്തവസമയത്ത് കാലിന്നടിയില്‍ കാന്തിക പ്രഭാവമുണ്ടെന്നൊക്കെ വിശദീകരണം നല്‍കിയ കുലസ്ത്രീ സ്ത്രീരോഗ വിദഗ്ധയെ ഓര്‍മയില്ലേ. അമ്മാതിരി പഠിപ്പാണിതും. അങ്ങനെയിരിക്കുമ്പോള്‍ അതിലൊരു കുഴപ്പവും തോന്നാത്ത വിധത്തില്‍ മനുഷ്യരെ മാറ്റുകയാണ്. സങ്കുചിത സ്ത്രീവിരുദ്ധ മതബോധത്തെ നിരന്തരമായി എതിര്‍ക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇതൊക്കെ തെളിയിക്കുന്നത്', പോസ്റ്റില്‍ പറയുന്നു.

വിസ്ഡം സംഘടനാ നേതാവ് അബ്ദുള്ള ബേസിലായിരുന്നു മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം നടത്തിയത്. സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വിമര്‍ശനം ശക്തമായതോടെ മറുപടിയുമായി അബ്ദുള്ള രംഗത്തെത്തി. ആണ്‍- പെണ്‍ വേര്‍തിരിവുകളുടെ വിഷയത്തില്‍ മതത്തിനും ലിബറല്‍ ആശയങ്ങള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളതെന്നും, അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരോട് സഹതപിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളൂ. സംഘാടകര്‍ ചിലവ് വഹിച്ച് നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ സൗകര്യം പരിഗണിച്ച് മറയോ എന്ത് വേണമെങ്കിലും വെക്കുമെന്നും അബ്ദുള്ള ബേസില്‍ പ്രതികരിച്ചു.

പ്രമോദ് പുഴങ്കരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

'തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ gender politicsനെക്കുറിച്ചു ചര്‍ച്ചചെയ്യാനായി അല്‍ഹംദുലില്ലാഹ് എന്ന് പ്രഭാഷകന്‍ പങ്കുവെക്കുന്ന ചിത്രമാണിത്. ആണുങ്ങളും പെണ്ണുങ്ങളുമായ വിദ്യാര്‍ത്ഥികള്‍, സാധാരണഗതിയില്‍ ഒരു ബഹുസ്വര പൊതുസമൂഹത്തില്‍ തുറന്ന് ഇടപഴകാന്‍ ശേഷിയുണ്ടാകേണ്ട ആ വിദ്യാര്‍ത്ഥികള്‍ ഒരു മറയ്ക്കപ്പുറമിപ്പുറം ഇരിക്കുമ്പോള്‍ എത്ര അപകടകരമായാണ് മതയാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും നമ്മുടെ സമൂഹത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് കാണേണ്ടത്. ആര്‍ത്തവസമയത്ത് കാലിന്നിടയില്‍ കാന്തിക പ്രഭാവമുണ്ടെന്നൊക്കെ 'ശാസ്ത്രീയ വിശദീകരണം' നല്‍കിയ കുലസ്ത്രീ സ്ത്രീരോഗവിദഗ്ദ്ധയെ ഓര്‍മ്മയില്ലേ. അമ്മാതിരി പഠിപ്പാണിതും.

അങ്ങനെയിരിക്കുമ്പോള്‍ അതിലൊരു കുഴപ്പവും തോന്നാത്തവിധത്തില്‍ മനുഷ്യരെ മാറ്റുകയാണ്. സങ്കുചിത സ്ത്രീവിരുദ്ധ മതബോധത്തെ നിരന്തരമായി എതിര്‍ക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇതൊക്കെ തെളിയിക്കുന്നത്. ഇതാണ് സത്യവും സമാധാനവുമെങ്കില്‍ അത്ര സമാധാനം വേണ്ടെന്നേ പറയാനുള്ളു.'


അബ്ദുള്ള ബേസില്‍ പറഞ്ഞത്:

'തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി അല്പനേരം സംവദിക്കാന്‍ സാധിച്ചു.. പ്രിയ സുഹൃത്ത് Suhail Rasheed കൂടെയുണ്ടായിരുന്നു..

ജെന്‍ഡര്‍ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും കുറഞ്ഞ സമയത്തില്‍ ഒതുങ്ങിയാണെങ്കിലും ചര്‍ച്ച ചെയ്യാനായി, അല്‍ഹംദുലില്ലാഹ്..

എഡിറ്റ് : നാസ്തിക ഗ്രൂപ്പുകളില്‍ നിന്ന് ലിങ്ക് കിട്ടി മറ കണ്ട് കുരു പൊട്ടിക്കാന്‍ വന്നവരോട്, ഈ ക്ലാസില്‍ പറയുന്നതൊക്കെ ഒന്ന് കേള്‍ക്കണമായിരുന്നു, കുറച്ച് ചോദിക്കാനുണ്ടായിരുന്നു എന്നൊക്കെ വീമ്പ് പറയുന്നവരോട്, നിങ്ങളെ പോലുള്ളവരെ വിളിച്ചു കൊണ്ട് എല്ലാ ആഴ്ചയും ഞങ്ങള്‍ unmasking atheism ചാനലില്‍ ലൈവ് ഓപ്പണ്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാറുണ്ട്.. വലിയ പുരോഗമന സിംഹങ്ങള്‍ പലരും ഒന്നില്‍ കൂടുതല്‍ തവണ വന്നിട്ടില്ല, ഇനി വല്ലാതെ ആമ്പിയര്‍ ഉണ്ടെന്ന് തോന്നുന്നെങ്കില്‍ അടുത്ത ചര്‍ച്ചയില്‍ വന്ന് ആശയപരമായി സംവദിക്കാന്‍ ധൈര്യം കാണിക്കുക..

ആണ്‍ പെണ്‍ വേര്‍തിരിവുകളുടെ വിഷയത്തില്‍ മതത്തിനും ലിബറല്‍ ആശയങ്ങള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരോട് സഹതപിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളൂ.. സംഘാടകര്‍ ചിലവ് വഹിച്ച് നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ സൗകര്യം പരിഗണിച്ച് അവര്‍ മറയോ എന്തുവേണമെങ്കിലും വെക്കും. അതില്‍ അസൗകര്യമുണ്ടെങ്കില്‍ പരിപാടിക്ക് വരേണ്ടതില്ല എന്നതല്ലാതെ കിടന്ന് കുരുപൊട്ടിച്ചത് കൊണ്ട് യാതൊരു കാര്യവുമില്ല!'


Next Story