Top

ബിജെപിയിലെ പ്രശ്‌നം തീര്‍ക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് പിപി മുകുന്ദന്‍; നേതൃത്വത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തല്‍

2 Nov 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയിലെ പ്രശ്‌നം തീര്‍ക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് പിപി മുകുന്ദന്‍; നേതൃത്വത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തല്‍
X

സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ നേതൃത്വം ഇടപെടണമെന്നാവശ്യം. മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇടപെടല്‍ ആഴവശ്യപ്പെട്ട് പിപി മുകുന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. എറെ കാലമായി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പിപി മുകുന്ദന്‍ സംഘടനാ നേതൃത്വത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹമുണ്ടെന്ന് കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തേഷിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതിനിടെ, ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ വിട്ടു നില്‍ക്കുന്നു. എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ല. ബിജെപി സംസ്ഥാന നേതൃത്വം പുന:സംഘടിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തന്നെ അതൃപ്തി പരസ്യമാവുകയാണ്. അതിനിടെയാണ് കോര്‍കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ കേരള പ്രഭാരി സിപി രാധാകൃഷ്ണനും പങ്കെടുക്കും. അതേസമയം, പികെ കൃഷ്ണദാസ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നേരത്തെ ബിജെപിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പുറത്തുപോയിരുന്നു. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവരാണ് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്തുപോയത്. തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിയും വന്നു.പിന്നാലെയാണ് കോര്‍കമ്മിറ്റി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ ശുദ്ധീകരണ പ്രക്രിയയിലാണ് ബിജെപി. ഈ സാഹചര്യം മുന്‍നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും താഴെ തട്ടില്‍ സമഗ്രമായ അഴിച്ചു പണി വേണമെന്നും നിയോജക മണ്ഡലം കമ്മറ്റികള്‍ വിഭജിക്കണം എന്നുമാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. ഇതിന് കേന്ദ്രനേതൃത്വം അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രഭാരി മാര്‍, ബൂത്ത് തല ഇന്‍ ചാര്‍ജുമാര്‍ എന്നിവര്‍ക്കും മാറ്റം വരുത്തിയേക്കും.

Next Story