Top

'അശ്ലീലവീഡിയോ പ്രചരിപ്പിച്ച ഷുക്കൂറും ശിവദാസനും കോണ്‍ഗ്രസ് നേതാക്കളുടെ അടുത്ത വ്യക്തികള്‍'; ചിത്രങ്ങള്‍ പുറത്തുവിട്ട് സൈബര്‍ സിപിഐഎം

ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ അശ്ലീലവീഡിയോ പ്രത്യക്ഷപ്പെട്ടത്.

27 May 2022 3:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അശ്ലീലവീഡിയോ പ്രചരിപ്പിച്ച ഷുക്കൂറും ശിവദാസനും കോണ്‍ഗ്രസ് നേതാക്കളുടെ അടുത്ത വ്യക്തികള്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് സൈബര്‍ സിപിഐഎം
X

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ പേരില്‍ അശ്ലീലവീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ടികെ ഷുക്കൂറിനും ശിവദാസനും ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമെന്ന് ആരോപണം. ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം അടുത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ സൈബര്‍ സിപിഐഎമ്മാണ് പുറത്തുവിട്ടത്. വികെ ശ്രീകണ്ഠന്‍, സിപി മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഷുക്കൂര്‍ നില്‍ക്കുന്ന ചിത്രങ്ങളും രമ്യ ഹരിദാസിനൊപ്പം ശിവദാസന്‍ നില്‍ക്കുന്ന ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്.




പാലക്കാട് കൊപ്പം ആമയൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ടികെ ഷുക്കൂര്‍. വ്യാഴാഴ്ച രാത്രിയാണ് തൃക്കാക്കര പൊലീസ് ആമയൂരിലെ വീട്ടില്‍ നിന്ന് ഷുക്കൂറിനെ അറസ്റ്റ് ചെയ്തത്.

യൂത്ത് കോണ്‍ഗ്രസിന്റെ ആലത്തൂരിലെ മണ്ഡലം സെക്രട്ടറിയായിരുന്നു അരിയക്കോട് വീട്ടില്‍ ശിവദാസന്‍. കൊഴിഞ്ഞാമ്പാറ കെടിഡിസി ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശിവദാസന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. നിലവില്‍ തേങ്കുറിശി കോണ്‍ഗ്രസ് മണ്ഡലം എക്‌സിക്യുട്ടീവ് അംഗവും പത്താം വാര്‍ഡ് ബൂത്ത് പ്രസിഡന്റുമാണ്.

കഴിഞ്ഞദിവസമാണ് ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ അശ്ലീലവീഡിയോ പ്രത്യക്ഷപ്പെട്ടത്. എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോയാണ് ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം സൈബര്‍ ക്രിമിനലുകളെ തീറ്റിപോറ്റുകയാണെന്നും ഇവരെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് വിനിയോഗിക്കുന്നതെന്നും പി രാജീവും എം സ്വരാജും കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു പാര്‍ട്ടിയും സ്വീകരിക്കാന്‍ പാടില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി എതിര്‍ക്കപ്പെടേണ്ടതാണ്. പരാജയ ഭീതിയില്‍ നിന്നാണ് തെറ്റായതും നിലവാരമില്ലാത്തതുമായ ഇത്തരം ക്യാമ്പയിന് യുഡിഎഫ് നേതൃത്വം നല്‍കുന്നതെന്ന് പി രാജീവും എം സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സിപിഐഎം കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുപോലുള്ള വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തതെന്നും ജോ ജോസഫിന്റെ പേരില്‍ വീഡിയോ കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചുകാണുമെന്ന സതീശന്റെ പ്രതികരണത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി, എംഎ ബേബി അടക്കമുള്ളവരാണ് രംഗത്തെത്തിയത്.

''ഇത് ശ്രീ.വി ഡി സതീശന്‍ പറഞ്ഞില്ല എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം.' എന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം. ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് സതീശന്‍ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എംഎ ബേബി പറഞ്ഞു. സതീശനെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന നേതാവ് ഇത്തരം ന്യായീകരണം നടത്താന്‍ പാടില്ലാത്തതാണ്. കോണ്‍ഗ്രസുകാരാണ് ഇത് പ്രചരിപ്പിച്ചതെന്ന് പരോക്ഷമായി അംഗീകരിക്കലാണ് സതീശന്റെ ഈ പ്രതിരോധമെന്നും എംഎ ബേബി പറഞ്ഞു.

എംഎ ബേബിയുടെ പ്രതികരണം: ''തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വിഡിയോ കിട്ടിയാല്‍ ചിലപ്പോള്‍ പ്രചരിപ്പിച്ചേക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സതീശനെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന നേതാവ് ഇത്തരം ന്യായീകരണം നടത്താന്‍ പാടില്ലാത്തതാണ്. കോണ്‍ഗ്രസുകാരാണ് ഇത് പ്രചരിപ്പിച്ചതെന്ന് പരോക്ഷമായി അംഗീകരിക്കലാണ് സതീശന്റെ ഈ പ്രതിരോധം. ഈ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച കോണ്‍ഗ്രസുകാരെ സതീശന്‍ തള്ളിപ്പറയുകയായിരുന്നു വേണ്ടിയിരുന്നത്.''

Next Story