Top

അശ്ലീല വീഡിയോ പ്രചരണം: സതീശന്റെ പരാമര്‍ശത്തെ തള്ളി എഐസിസി അംഗം

ഷെയര്‍ ചെയ്യുന്നത് നീതികരിക്കാവുന്ന സംഭവമായി തോന്നുന്നില്ലെന്നും സിമി.

28 May 2022 10:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അശ്ലീല വീഡിയോ പ്രചരണം: സതീശന്റെ പരാമര്‍ശത്തെ തള്ളി എഐസിസി അംഗം
X

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ എഐസിസി അംഗം സിമി റോസ്ബെല്‍ ജോണ്‍.

പ്രതിപക്ഷ നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും സിമി റോസ് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിക്കെതിരായ അശ്ലീല വീഡിയോ പ്രചരണം കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്തതാണ്. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും സിമി പറഞ്ഞു.

സിമിയുടെ വാക്കുകള്‍: ''സ്ത്രീയെന്ന നിലയില്‍ വളരെ വേദനയോടെയാണ് സംഭവത്തെ കാണുന്നത്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാവാത്ത സംഭവമാണ്. ഏത് പാര്‍ട്ടിയുമാകട്ടേ, ഒരു സ്ഥാനാര്‍ത്ഥിക്കും ഇങ്ങനെ ഇനി സംഭവിക്കരുത്. അത്തരം വീഡിയോ ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്. പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രതിപക്ഷ നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. ഷെയര്‍ ചെയ്യുന്നത് നീതികരിക്കാവുന്ന സംഭവമായി തോന്നുന്നില്ല. ഇത്തരം കാര്യങ്ങളെ പ്രോത്സഹിപ്പിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് ഇല്ല. സമൂഹത്തിന്റെ മുന്നില്‍ ഒരു കുടുംബത്തെ വേദനിപ്പിച്ച് കൊണ്ട് അപമാനിച്ച് കൊണ്ടുള്ള പ്രചരണം വച്ചുപൊറുപ്പിക്കാന്‍ പാടില്ല.''

അശ്ലീല വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തതെന്നും ജോ ജോസഫിന്റെ പേരില്‍ വീഡിയോ കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചുകാണുമെന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞത്. സതീശന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സിപിഐഎം കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

''ഇത് ശ്രീ.വി ഡി സതീശന്‍ പറഞ്ഞില്ല എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം.' എന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം. ജോ ജോസഫിനെതിരായി അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് സതീശന്‍ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എംഎ ബേബി പറഞ്ഞു. സതീശനെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന നേതാവ് ഇത്തരം ന്യായീകരണം നടത്താന്‍ പാടില്ലാത്തതാണ്. കോണ്‍ഗ്രസുകാരാണ് ഇത് പ്രചരിപ്പിച്ചതെന്ന് പരോക്ഷമായി അംഗീകരിക്കലാണ് സതീശന്റെ ഈ പ്രതിരോധമെന്നും എംഎ ബേബി പറഞ്ഞു.

എംഎ ബേബിയുടെ പ്രതികരണം: ''തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വിഡിയോ കിട്ടിയാല്‍ ചിലപ്പോള്‍ പ്രചരിപ്പിച്ചേക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സതീശനെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന നേതാവ് ഇത്തരം ന്യായീകരണം നടത്താന്‍ പാടില്ലാത്തതാണ്. കോണ്‍ഗ്രസുകാരാണ് ഇത് പ്രചരിപ്പിച്ചതെന്ന് പരോക്ഷമായി അംഗീകരിക്കലാണ് സതീശന്റെ ഈ പ്രതിരോധം. ഈ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച കോണ്‍ഗ്രസുകാരെ സതീശന്‍ തള്ളിപ്പറയുകയായിരുന്നു വേണ്ടിയിരുന്നത്.''

Next Story