Top

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൂട്ടിത്തുടങ്ങി; ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

പള്ളിപ്പുറം ക്യാംപില്‍ നിന്നുള്ള സിആര്‍പിഎഫിന്റെ 15 അംഗ സംഘമാണ് ആര്‍എസ്എസ് കാര്യാലയത്തിന് കാവല്‍ നില്‍ക്കുന്നത്.

28 Sep 2022 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൂട്ടിത്തുടങ്ങി; ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ
X

കൊച്ചി: നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൂട്ടി മുദ്ര വെച്ചുതുടങ്ങി. പിഎഫ്‌ഐയുടെയും അനുബന്ധ സംഘടനകളുടേയും ഓഫീസുകള്‍ കണ്ടെത്തി ഉദ്യോഗസ്ഥരെ വിന്യസിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളാ പൊലീസിന് നിര്‍ദ്ദേശം നല്‍കി. നിരോധനത്തിനെതിരായ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാന്‍ ഇടയുണ്ടെന്ന് രഹസ്വാന്വേഷണ ഏജന്‍സികള്‍ വിവരം.

കേരളത്തിലെ പിഎഫ്‌ഐ സാന്നിധ്യമുള്ള മേഖലകളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓഫീസുകളിലേക്ക് ആളുകള്‍ എത്തരുതെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിനും നേതാക്കള്‍ക്കും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചു. പള്ളിപ്പുറം ക്യാംപില്‍ നിന്നുള്ള സിആര്‍പിഎഫിന്റെ 15 അംഗ സംഘമാണ് ആര്‍എസ്എസ് കാര്യാലയത്തിന് കാവല്‍ നില്‍ക്കുന്നത്. രാജ്യവ്യാപക ഓഫീസ് റെയ്ഡുകള്‍ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം ആലുവയില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ക്ലിഫ് ഹൗസിലാണ് യോഗം ചേരുന്നത്. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഇനി പത്രക്കുറിപ്പുകള്‍ ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് ഫേസ്ബുക്ക്, ട്വീറ്റര്‍, യൂട്യൂബ് എന്നിവരോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. പിഎഫ്‌ഐയുടെ പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണം, ഓഫീസുകള്‍ സീല്‍ ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അബ്ദുല്‍ സത്താര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 'പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു', പ്രസ്താവനയില്‍ വ്യക്തമാക്കി.

STORY HIGHLIGHTS: popular front ban crpf protection for rss karyalay aluva

Next Story