Top

വിസി നിയമനങ്ങളില്‍ നഗ്‌നമായ രാഷ്ട്രീയ ഇടപെടല്‍, ആര്‍ ബിന്ദു രാജിവയ്ക്കും വരെ സമരമെന്ന് പ്രതിപക്ഷ നേതാവ്

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്.

15 Dec 2021 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിസി നിയമനങ്ങളില്‍ നഗ്‌നമായ രാഷ്ട്രീയ ഇടപെടല്‍, ആര്‍ ബിന്ദു രാജിവയ്ക്കും വരെ സമരമെന്ന് പ്രതിപക്ഷ നേതാവ്
X

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നുവിട്ട സര്‍വകലാശാല നിയമന വിവാദത്തില്‍ സര്‍ക്കാറിനെതിരെ ആയുധമാക്കി പ്രതിപക്ഷം. വിസി നിയമനങ്ങളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരിട്ട് ഇടപെട്ടന്ന തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ മന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം. വിഷയത്തില്‍ മന്ത്രി നടത്തിയ ഇടപെടല്‍ സത്യപ്രതിജ്ഞാ ലംഘനം ആണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മന്ത്രി ആര്‍ ബിന്ദു രാജി വയ്ക്കും വരെ ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.

കണ്ണൂര്‍ വിസി നിയമനത്തിലെ മന്ത്രിയുടെ ഇടപെടലിന് എതിരെ സമരം കടുപ്പിക്കും. വിസി നിയമനങ്ങളില്‍ നടന്നത് നഗ്‌നമായ രാഷ്ട്രീയ ഇടപെടല്‍. വിഷയത്തില്‍ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണര്‍ ചെയ്തത് ചാന്‍സലര്‍ പദവിക്ക് നിരക്കാത്ത തെറ്റാണ്. ചാന്‍സലര്‍ പദവിയില്‍ ഇരിക്കാന്‍ ഗവര്‍ണര്‍ യോഗ്യനാണോ എന്ന് പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലറുടെ അനധികൃത നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍ ബിന്ദുവിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്വയം രാജിവെച്ച് പോകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയ അട്ടിമറിക്കാനും തന്റെ ഇഷ്ടക്കാരനായ നിലവിലെ വൈസ് ചാന്‍സലര്‍ക്ക് സര്‍വ്വകലാശാല ആക്ടിലെ പ്രായപരിധി കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കാനും ഗവര്‍ണ്ണര്‍ കൂടിയായ ചാന്‍സലറില്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയുംസ്വജനപക്ഷപാതവുമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കുകയാണ്.

Next Story

Popular Stories