Top

മുനിസിപ്പാലിറ്റിയിലെ ഉയര്‍ന്ന പോളിംഗില്‍ വിശ്വാസമര്‍പ്പിച്ച് എല്‍ഡിഎഫ്; കോട്ടകളില്‍ ഉയര്‍ന്ന പോളിംഗില്‍ ജയിച്ചു കയറുമെന്ന് യുഡിഎഫ്, പ്രതീക്ഷയില്‍ ബിജെപി

1 Jun 2022 11:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുനിസിപ്പാലിറ്റിയിലെ ഉയര്‍ന്ന പോളിംഗില്‍ വിശ്വാസമര്‍പ്പിച്ച് എല്‍ഡിഎഫ്; കോട്ടകളില്‍ ഉയര്‍ന്ന പോളിംഗില്‍ ജയിച്ചു കയറുമെന്ന് യുഡിഎഫ്, പ്രതീക്ഷയില്‍ ബിജെപി
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കവേ കൂട്ടിയും കിഴിച്ചും മുന്നണികള്‍. മണ്ഡലം നിലനിര്‍ത്തുമെന്ന് യുഡിഎഫ് പറയുമ്പോള്‍ അട്ടിമറി നടക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. വന്‍ മുന്നേറ്റം നടത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു.

തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള ബൂത്തുകളില്‍ മികച്ച പോളിംഗ് നടന്നതാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷകളെ വാനോളമെത്തിക്കുന്നത്. എല്‍ഡിഎഫിന് സ്ഥിരമായി ലഭിക്കുന്ന വോട്ടുകളെ കൂടാതെ കൂടുതല്‍ വോട്ടുകള്‍ ഇവിടെ നിന്ന് ലഭിക്കുമെന്ന് മുന്നണി വൃത്തങ്ങള്‍ പറയുന്നു. ഇതും കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കോട്ടകളില്‍ പോളിംഗ് കുറഞ്ഞതും തങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടല്‍. പോളിംഗ് ശതമാനം 68.77ലെത്തിലേക്ക് കുറഞ്ഞത് വിജയിക്കാന്‍ സഹായിക്കുമെന്ന് ഇടതുസ്ഥാനാര്‍ത്ഥി പറഞ്ഞു കഴിഞ്ഞു.

പ്രൊഫഷണലായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുക വഴി പാര്‍ട്ടി വോട്ടുകള്‍ക്ക് പുറത്തുള്ള വോട്ടുകളും നേടാനായെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. അത് കൊണ്ട് തന്നെ യുഡിഎഫ് പ്രതീക്ഷിക്കാത്ത അത്രയും വോട്ടുകള്‍ ചോരുമെന്നും അത് വിജയത്തിലെത്തിക്കുക തന്നെ ചെയ്യുമെന്നാണ് ഇടതുക്യാമ്പിന്റെ വിശ്വാസം.

എന്നാല്‍ ഒരു സംശയവും വേണ്ട മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി ഉമ തോമസ് തന്നെയായിരിക്കുമെന്നാണ് യുഡിഎഫ് വൃത്തങ്ങളുടെ പ്രതികരണം. എക്കാലത്തും തങ്ങളെ പിന്തുണക്കുന്ന മേഖലകള്‍ ഇത്തവണയും പിന്തുണക്കും. ഒരു മേഖലയിലും പിന്നോട്ട് പോവില്ല. പോളിംഗ് കുറഞ്ഞത് ബാധിക്കില്ല. കൊച്ചി കോര്‍പ്പറേഷനിലെ തങ്ങളുടെ വാര്‍ഡുകളില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിംഗ് നടന്നെന്നും ഇത് തങ്ങളെ സഹായിക്കുമെന്നും യുഡിഎഫ് പറയുന്നു.

പിടി തോമസെന്ന നേതാവിനോടുള്ള തൃക്കാക്കരക്കാരുടെ ഇഷ്ടം തന്നെ തങ്ങളെ വിജയത്തിലെക്കുന്ന ഒന്നാമത്തെ ഘടകമെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. എല്‍ഡിഎഫിന്റെ കേഡര്‍ ശൈലിയെ സമാനരീതിയില്‍ തന്നെ നേരിട്ട് പരാജയപ്പെടുത്തിയെന്നും അവര്‍ വിലയിരുത്തുന്നു. വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല യുഡിഎഫ് ക്യാമ്പ്.

തങ്ങള്‍ സംസ്ഥാനത്ത് പുതുതായി മുന്നോട്ട് വെച്ചിരിക്കുന്ന സമവാക്യ ആശയം ഇത്തവണ തൃക്കാക്കരയില്‍ വലിയ തോതില്‍ വോട്ട് തേടാന്‍ സഹായിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടി വോട്ടുകളും എഎന്‍ രാധാകൃഷ്ണന്റെ പ്രഭാവത്താല്‍ നേടുന്ന പുതിയ വോട്ടുകളും പുതിയ സമവാക്യപ്രകാരം ലക്ഷ്യമിട്ടിട്ടുള്ള വോട്ടുകളും തങ്ങളെ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് ബിജെപി അവകാശവാദം.

Story Highlights: political fronts calculations about thrikkakkara bypoll

Next Story

Popular Stories