മക്കളുടെ ജീവനെടുത്ത് അമ്മ ആത്മഹത്യ ചെയ്ത കേസ്; പൊലീസുകാരനായ ഭർത്താവിന് സസ്പെൻഷൻ
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിന്തരം പീഡിപ്പിച്ചിരുന്നു.
14 May 2022 5:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ പൊലീസുകാരന് സസ്പെൻഷൻ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റിലെ സിപിഒ റെനീസിനെതിരെയാണ് നടപടി. അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കൊന്ന ശേഷം റെനീസിന്റെ ഭാര്യ നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് റെനീസിനെ അറസ്റ്റ് ചെയ്തത്.
റെനീസ് ചെയ്തത് ഗുരുതര കുറ്റങ്ങളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിന്തരം പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നാല്‍പ്പത് പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നല്‍കിയാണ് ഇരുവരുടേയും വിവാഹം നടത്തിയത്. പലപ്പോഴായി 20 ലക്ഷം രൂപ പിന്നേയും കൊടുത്തിരുന്നു. പിന്നീടും റെനീസ് ക്രൂരത തുടര്‍ന്നു. നജ്ലയെ പുറം ലോകവുമായി ബന്ധപ്പെടാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിച്ചിരുന്നു. പുറത്ത് പോകുമ്പോള്‍ അവരെ മുറിയില്‍ പൂട്ടിയിടും. റെനീസിന്റെ മാനസിക ശാരീരിക പീഡനങ്ങളാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പല സ്ത്രീകളുമായും റെനീസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ബന്ധുവായ സ്ത്രീയെ കല്യാണം കഴിക്കുന്നതിനായ നജ് ലയില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിലവില്‍ കേസന്വേഷണം ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറി. ചോദ്യം ചെയ്യുന്നതിനായി റെനീസിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കും.
ആലപ്പുഴ എ.ആര് ക്യാംപിനു സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു പൊലീസുകാരന് കൂടിയായ റെനീസിന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ ടിപ്പുസുല്‍ത്താനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും, മകൾ മലാലയെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചുമാണ് കൊന്നത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസ് വാതില്‍ തുറക്കാത്തതു കണ്ട് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
STORY HIGHLIGHTS: Policeman Arrested for Wifes Suicide Suspended