Top

നോട്ടമിട്ടത് പരാതിയുണ്ടാകില്ലെന്ന് ഉറപ്പാക്കി; ഷാഫി താമസിച്ചിരുന്ന സ്ഥലങ്ങളില്‍ കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുന്നു

എറണാകുളത്ത് അഞ്ച് വര്‍ഷത്തിനിടെ കാണാതായത് 14 സ്ത്രീകളെ പത്തനംതിട്ടയില്‍ 12

13 Oct 2022 4:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നോട്ടമിട്ടത് പരാതിയുണ്ടാകില്ലെന്ന് ഉറപ്പാക്കി; ഷാഫി താമസിച്ചിരുന്ന സ്ഥലങ്ങളില്‍ കാണാതായ സ്ത്രീകളുടെ വിവരം പൊലീസ് ശേഖരിക്കുന്നു
X

കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി നേരത്തെ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്ന് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നു. പത്തനംതിട്ടയിലെയും എറണാകുളത്തെയും കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായ തിരോധാന കേസുകളിലും പുനരന്വേഷണം നടത്താനാണ് തീരുമാനം.

കാണാതായാല്‍ പരാതി പോലും നല്‍കില്ലെന്ന് ഉറപ്പുള്ളവരെയാണ് ഷാഫി നോട്ടമിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കൊച്ചി നഗരപരിധിയില്‍ നിന്നും 14 സ്ത്രീകളെയാണ് കാണാതായത്. പത്തനംതിട്ട ജില്ലയില്‍ ഇക്കാലയളവില്‍ 12 സ്ത്രീകളെയും കാണാതായിട്ടുണ്ട്. ഇവരില്‍ ഒളിച്ചോടിയവരുണ്ടാകാമെങ്കിലും ഓരോ കേസും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം.

കളമശേരിയില്‍ സ്ത്രീയെ ഷാഫി ചവിട്ടിക്കൊന്നെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നരബലി നടന്ന ഇലന്തൂരിലെ വീടിന് സമീപം എട്ട് വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ സ്ത്രീ മരിച്ച സംഭവത്തിലും പൊലീസ് പുനരന്വേഷണം നടത്തും. നെല്ലിക്കാലാ സ്വദേശിനി സരോജിനിയെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് 46 മുറിവുകള്‍ ഉണ്ടായിരുന്നു. മുറിവുകളിലേറെയും കൈകളിലായിരുന്നു. അതിലൂടെ രക്തം വാര്‍ന്നായിരുന്നു മരണം. നിലവിലെ സാഹചര്യത്തില്‍ സരോജിനിയുടേത് നരബലിയാണോ എന്ന് അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നരബലിക്ക് ഇരയായ പത്മയെയും റോസ്‌ലിയെയും കൂടാതെ മറ്റ് ചില സ്ത്രീകളെയും പണം വാഗ്ദാനം ചെയ്ത് ഷാഫി സമീപിച്ചിരുന്നു എന്നത് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു. പത്തനംതിട്ടയിലെത്താന്‍ തനിക്ക് അരലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു റോസ്‌ലിയുടെ സുഹൃത്തായ യുവതി പറഞ്ഞത്. ഇത്തരത്തില്‍ പല സ്ത്രീകളെയും ഷാഫി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

Story Highlights: Police To Reinvestigate The Missing Cases In Ernakulam And Pathanamthitta

Next Story