Top

പഞ്ചാബ് സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം; എൻഐടി ഡയറക്ടർക്കെതിരെ കേസ്

ആരോപണ വിധേയനായ ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു

21 Sep 2022 4:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഞ്ചാബ് സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം; എൻഐടി ഡയറക്ടർക്കെതിരെ കേസ്
X

കോഴിക്കോട്: പഞ്ചാബ് ലൗലി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോഴിക്കോട് എൻഐടി ഡയറക്ടർക്കെതിരെ കേസ്. മരണത്തിൽ എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണയ്ക്കെതിരെയാണ് കേസ്. ആരോപണ വിധേയനായ ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. മലയാളി വിദ്യാർത്ഥി അഖിൻ എസ് ദിലീപ് (21) ആണ് പഞ്ചാബ് സർവകലാശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥിയുടെ മരണത്തിൽ എൻഐടിയിൽ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചേർത്തല പള്ളിപ്പുറം സ്വദേശിയാണ് അഖിൻ എസ് ദിലീപ്. വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിൽ കോഴിക്കോട് എൻഐടിയിലെ ഡയറക്ടർ പ്രസാദ് കൃഷ്ണയ്ക്കെതിരെ പരാമ‍‍ർശമുണ്ട്. എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും ആ തീരുമാനത്തിൽ താൻ ദുഃഖിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

താനെടുത്ത തീരുമാനത്തിൽ പശ്ചാത്തപിക്കുന്നതായും താൻ എല്ലാവർക്കും ഭാരമാണെന്നും കുറിപ്പിലുണ്ടായിരുന്നു. ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്റേതാണെന്ന് ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാ‍‍‍ർത്ഥിയായിരുന്ന അഖിൻ നേരത്തെ കോഴിക്കോട് എൻഐടിയിലെ ബി ടെക്ക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു.

ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ഡിസൈൻ കോഴ്‌സ് ചെയ്തിരുന്ന അഖിൻ ചൊവ്വാഴ്ച ആണ് മരിച്ചത്. അഖിന്റെ മരണത്തിന് പിന്നാലെ സർവകലാശാല കാമ്പസിൽ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പത്ത് ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണിതെന്നും, അന്വേഷണം വേണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. സംഭവത്തിൽ പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലേക്ക് അന്വേഷണം നീട്ടാനാണ് പഞ്ചാബ് പൊലീസിന്റെ തീരുമാനം.

STORY HIGHLIGHTS: Malayali student died in Punjab University, Case against NIT director

Next Story