Top

ലൈംഗികാതിക്രമം; ടാറ്റൂ ആർട്ടിസ്റ്റ് ഒളിവില്‍; കൊച്ചിയിലെ ടാറ്റൂ ആര്‍ടിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

4 March 2022 3:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈംഗികാതിക്രമം; ടാറ്റൂ ആർട്ടിസ്റ്റ്  ഒളിവില്‍; കൊച്ചിയിലെ ടാറ്റൂ ആര്‍ടിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു
X

കൊച്ചി: ലൈംഗികാതിക്രമ ആരോപണത്തില്‍ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ആരോപണമുയര്‍ന്ന ഇന്‍ങ്ക്‌ഫെക്റ്റഡ് എന്ന ടാറ്റൂ സ്റ്റുഡിയോ പൂട്ടി ടാറ്റൂ ആര്‍ടിസ്റ്റ് ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ചേരാനെല്ലൂര്‍ പൊലിസിനാണ് അന്വേഷണ ചുമതല. ആരോപണം ഉന്നയിച്ച യുവതി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി നല്‍കിയിരുന്നില്ല. പക്ഷെ നടന്ന അതിക്രമത്തെ പറ്റി വിശദീകരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്.

പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന 'ഇങ്ക്‌ഫെക്ടഡ്' ടാറ്റൂ പാര്‍ലറില്‍ വെച്ച് ക്രൂരമായ ലൈംഗീക അതിക്രമത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ടാറ്റൂ ചെയ്യാനായി പാര്‍ലറിലെത്തിയ തന്നെ സൂചി മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു. സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയാണ് പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തിയെങ്കിലും അതിക്രമിച്ചതായി പറയുന്ന വ്യക്തിയുടെ പേര് യുവതി പുറത്തുവിട്ടിട്ടില്ല. സുജീഷ് എന്ന ടാറ്റൂ ആര്‍ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ടാറ്റൂ-പിയേഴ്‌സിങ്ങ് സ്റ്റുഡിയോ. സിനിമ താരങ്ങളുള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ ടാറ്റൂ ചെയ്യുന്ന വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാണ് 'ഇങ്ക്‌ഫെക്ടഡ്'.

കഴിഞ്ഞാഴ്ചയാണ് സംഭവമുണ്ടായതെന്ന് യുവതി പറയുന്നു. മുന്‍പ് ഇതേ സ്ഥലത്ത് ടാറ്റൂ ചെയ്തിരുന്നെങ്കിലും മോശം അനുഭവങ്ങളുണ്ടായിരുന്നില്ലെന്ന് യുവതി പറഞ്ഞു. 'ടാറ്റൂ ചെയ്യുന്നത് നടുവിന് താഴെയുള്ള ഭാഗത്തായതിനാല്‍ അടച്ചിട്ട മുറിയില്‍ വെച്ചായിരുന്നു പച്ചകുത്തല്‍. ടാറ്റൂയിങ്ങിനിടെ സംസാരം ലൈംഗീകച്ചുവയുള്ളതായി മാറി. പതിനെട്ട് വയസ് കഴിഞ്ഞോയെന്നും പാര്‍ലറിലേക്ക് കൂടെ വന്നിരിക്കുന്നത് ബോയ് ഫ്രണ്ട് ആണോയെന്നും ആര്‍ടിസ്റ്റ് ചോദിച്ചു. പീരിയഡ്‌സിലാണോയെന്നും ആരാഞ്ഞു. പിന്നീട് വസ്ത്രം അഴിക്കുകയും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയുമായിരുന്നു. രക്തം പൊടിഞ്ഞപ്പോള്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടച്ചുകളഞ്ഞ ശേഷം അതിക്രമം തുടര്‍ന്നു. ഈ സമയത്തുമുഴുവന്‍ ടാറ്റൂ ചെയ്യുന്ന യന്ത്ര സൂചി അയാള്‍ നടുവില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധയായി നിന്ന തന്നെ വീട്ടില്‍ നിന്ന് അമ്മ ഫോണില്‍ വിളിച്ചപ്പോഴാണ് അയാള്‍ മോചിപ്പിച്ചത്.' അതിക്രമത്തിനൊടുവില്‍ ഇയാള്‍ പണം വേണ്ടെന്ന് പറയുകയും ടാറ്റൂ പൂര്‍ത്തിയാക്കാന്‍ വീണ്ടും വരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്ന് യുവതി റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു.

story highlight: Police starts investigation against tattoo artist in sexual assault case

Next Story