Top

ആക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജൻസ് വിവരം; കെ സുധാകരന്റെ സുരക്ഷ വർധിപ്പിച്ചു

18 Jun 2022 10:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജൻസ് വിവരം; കെ സുധാകരന്റെ സുരക്ഷ വർധിപ്പിച്ചു
X

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. നാ‌‌ടാലിലെ വീടിന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്റെ യാത്രയിൽ പൊലീസ് അകമ്പ‌ടിയും ഉണ്ടാവും. കെപിസിസി അധ്യക്ഷന് നേരെ ആക്രമണുണ്ടായേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെ‌ടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുളള നേതാക്കളുടെ വീടിന് നേരെ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് വിവരം ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെയും കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരന് വീണ്ടും സുരക്ഷ വർധിപ്പിച്ചത്.

മുഖ്യമന്ത്രി കയറിയ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് പരക്കെ അക്രമ സംഭവങ്ങൾ ഉണ്ടായത്. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു.

കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായി. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ തകർത്തു. ആക്രമണത്തിന് പിന്നിൽ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പത്തനംതിട്ടയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. അടൂരിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു. ആക്രമണത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. കോൺഗ്രസ് അടൂർ നഗരസഭ വാർഡ് പ്രസിഡന്റ് ഡി സുരേന്ദ്രനാണ് പരുക്കേറ്റത്. കോൺഗ്രസ് പ്രകടനത്തിനിടെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയത് ഡിവൈഎഫ്ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

ചവറ പന്മനയിൽ കോൺഗ്രസ്-ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കോൺഗ്രസ് പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഇക്ബാൽ പറയന്റയ്യത്തിന്റെ തലക്ക് പരുക്കേറ്റു. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് സംഘർഷമുണ്ടായി. സിപിഐഎം പ്രവർത്തകർ കോൺഗ്രസ്സ് ഓഫീസ് തകർത്തു. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സി പി എം പ്രവർത്തകർ ആക്രമിച്ചു. കാസർകോട് പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തു.

Story Highlight: police security to k Sudhakaran increased

Next Story