Top

കണ്ണൂരിൽ കറുത്ത മാസ്കിനും വസ്ത്രത്തിനും വിലക്കില്ല; പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷ

13 Jun 2022 2:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂരിൽ കറുത്ത മാസ്കിനും വസ്ത്രത്തിനും വിലക്കില്ല;  പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷ
X

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നത് തടയില്ലെന്ന് പൊലീസ്. കറുത്ത വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാന്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി എഴുന്നൂറിലധികം ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചുണ്ട്.

ഇന്നലെ കണ്ണൂരിലെത്തിയ അദ്ദേഹം സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്. ഇന്ന് ഒമ്പത് മണിയോടെ അദ്ദേഹം തളിപ്പറമ്പില്‍ എത്തും. 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.

അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും വഴിയിലുടനീളവും പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസിന്റ നിര്‍ദേശം. മുഖ്യമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച്ചയുണ്ടാവരുതെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെത്തുന്ന ഓരോ ജില്ലകളിലും അതത് പൊലീസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തണം.

മുഖ്യമന്ത്രിക്കൊപ്പമുള്ള സ്ഥിരം സുരക്ഷാഗാര്‍ഡുകള്‍ക്ക് പുറമേ അധികമായി കമാന്‍ഡോകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. സംഘാടകര്‍ ഇടപെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ചടങ്ങുകളാണ് നിശ്ചയിച്ചതില്‍ ഏറേയും. പരിപാടിയില്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പൊലീസുകാര്‍ നേരത്തെ സംഘാടകരെ അറിയിക്കും.

ശക്തമായ പ്രതിഷേധത്തിനിടയിലും കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ മുഖ്യമന്ത്രി നിശ്ചയിച്ച പ്രകാരം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച കണ്ണൂരിലാണ് പരിപാടി. മുഖ്യമന്ത്രി പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. എന്നാല്‍ പരിപാടികള്‍ മാറ്റിവെക്കുന്നതോ പങ്കെടുക്കാത്തതോ വെട്ടികുറക്കലോ പ്രതിപക്ഷ പ്രതിഷേധം വകവെച്ചുകൊടുക്കലാകുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി.

STORY HIGHLIGHTS: Police say wearing black mask will not be banned at events attended by the Chief Minister in Kannur

Next Story