Top

ബിജെപി പ്രവര്‍ത്തകര്‍ കല്ലിട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ അല്ലെന്ന് പൊലീസ്; കള്ള പ്രചാരണമെന്ന് ബിജെപി

കല്ല് സ്ഥാപിച്ചത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പിന്‍ഭാഗത്താണെന്നാണ് പൊലീസ് വിശദീകരണം

24 March 2022 11:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി പ്രവര്‍ത്തകര്‍ കല്ലിട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ അല്ലെന്ന് പൊലീസ്; കള്ള പ്രചാരണമെന്ന് ബിജെപി
X

തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ കല്ലിട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ അല്ലെന്ന് പൊലീസ്. ബിജെപി പ്രവര്‍ത്തകര്‍ കല്ല് സ്ഥാപിച്ചത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പിന്‍ഭാഗത്താണെന്നാണ് പൊലീസ് വിശദീകരണം. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനുള്ളില്‍ തന്നെയാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതിയും സ്ഥിതി ചെയ്യുന്നത്.

കൃഷി മന്ത്രിയുടെ വസതിയില്‍ നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുകയാണ്. തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട് വഴി പ്രവര്‍ത്തകര്‍ പ്രവേശിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ക്ലിഫ് ഹൗസില്‍ ആരും പ്രവേശിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

എന്നാല്‍, തങ്ങള്‍ കല്ല് സ്ഥാപിച്ചത് ക്ലിഫ് ഹൗസില്‍ തന്നെയാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി. കല്ലിട്ടത് കൃഷി മന്ത്രിയുടെ വസതിയിലാണെന്ന് പൊലീസ് കള്ളം പ്രചാരണം നടത്തുകയാണെന്നും ജില്ലാ ബിജെപി നേതൃത്വം ആരോപിക്കുന്നു.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ആറ് ബിജെപി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് കോമ്പൗണ്ടില്‍ കടന്നുകയറി കല്ല് സ്ഥാപിച്ചത്. മുരിക്കുംപുഴയില്‍ സ്ഥാപിച്ച അതിരടയാള കല്ലുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മതിലു ചാടിക്കടന്ന് കല്ലു സ്ഥാപിക്കുകയായിരുന്നു. ഇരുചക്ര വാഹനങ്ങളിലായായിരുന്നു കല്ല് എത്തിച്ചത്. പ്രതിഷേധമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധക്കാരില്‍ ചിലര്‍ ക്ലിഫ് ഹൗസ് കോംബൗണ്ടിനുള്ളില്‍ കടന്ന് കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു.

STORY HIGHLIGHTS: Police say BJP workers did not laid stones at CM's residence; BJP calls it false propaganda

Next Story