Top

'പെട്രോള്‍ കരുതിയത് വെട്ടിയ ശേഷം കത്തിക്കാന്‍'; ഞെട്ടിച്ച് പ്രതിയുടെ മൊഴി

11 Jun 2022 2:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്രോള്‍ കരുതിയത് വെട്ടിയ ശേഷം കത്തിക്കാന്‍; ഞെട്ടിച്ച് പ്രതിയുടെ മൊഴി
X

കോഴിക്കോട്: നാദാപുരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പ്രതി ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. കല്ലാച്ചി ഹൈടെക് കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി പോരോട്ടെ തട്ടില്‍ അലിയുടെ മകള്‍ നയിമയാണ് വ്യാഴാഴ്ച വീടിന് സമീപത്തു വച്ച് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ സഹപാഠിയായിരുന്ന മാകേരി ഏച്ചിത്തറമല്‍ റഫ്‌നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ നയിമ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയെ ആക്രമിച്ചതിന് ശേഷം കൈഞരമ്പു മുറിച്ച് റഫ്‌നാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് കേഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരുക്ക് സാരമല്ലാത്തതിനെ തുടര്‍ന്ന് പൊലീസ് കസറ്റഡിയിലെടുത്തു. നാട്ടുകാരാണ് പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. പെട്രോള്‍ വാങ്ങിയ കല്ലാച്ചിയിലെ പമ്പിലും, കൊടുവാള്‍ വാങ്ങിയ കടയിലും റഫ്‌നാസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

സ്‌കൂളില്‍ സഹപാഠികളായിരുന്നു ഇരുവരും. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം റഫ്‌നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു. ആക്രമണത്തില്‍ തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ നയിമ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച രണ്ട് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യ നിലയിലെ പുരോഗതി വിലയിരുത്തി തുടര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. അതേസമയം, വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാഡജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

STORY HIGHLIGHTS: Police said, the accused was planning to set fire to a college student in Nadapuram after he had mutilated her after she refused a love proposal

Next Story