Top

'ശ്രീദേവി' വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്; നൂറിലേറെ പേജുള്ള ചാറ്റുകള്‍ പരിശോധിക്കും

ഇരുവരും തമ്മിലുള്ള മൂന്ന് വര്‍ഷത്തെ നൂറിലേറെ പേജുള്ള ചാറ്റുകള്‍ പൊലീസ് പരിശോധിക്കും

13 Oct 2022 8:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീദേവി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്; നൂറിലേറെ പേജുള്ള ചാറ്റുകള്‍ പരിശോധിക്കും
X

കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് അന്വേഷണ സംഘം. ശ്രീദേവി എന്ന പേരിലുള്ള അക്കൗണ്ടിലൂടെയായിരുന്നു ഭഗവല്‍ സിംഗിനെ ഷാഫി പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള മൂന്ന് വര്‍ഷത്തെ നൂറിലേറെ പേജുള്ള ചാറ്റുകള്‍ പൊലീസ് പരിശോധിക്കും.

വ്യാജ ഫേസ്ബുക്കിലൂടെ മറ്റാരെയെങ്കിലും ഷാഫി വലയിലാക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 2019ലാണ് ഷാഫി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭഗവല്‍ സിംഗുമായി ബന്ധം സ്ഥാപിക്കുന്നത്. ശ്രീദേവി എന്ന പേരില്‍ ഭഗവല്‍ സിംഗില്‍ വിശ്വാസം നേടിയ ഷാഫി, അത് ഊട്ടി ഉറപ്പിക്കാന്‍ ഒരു ലൈംഗിക തൊഴിലാളിയുടെയും സഹായം തേടിയെന്ന റിപ്പോര്‍ട്ടും നേരത്തെ പുറത്ത് വന്നിരുന്നു. എറണാകുളം ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കണ്ടെത്തിയ ലൈംഗിക തൊഴിലാളിയെ കൊണ്ട് ഫോണില്‍ ഭഗവല്‍ സിംഗിനെ വിളിപ്പിച്ചു. ജീവിത പ്രശ്‌നങ്ങളും ശ്രീദേവി ഭഗവല്‍ സിംഗിനോട് പങ്കുവെച്ചു. ഗള്‍ഫില്‍ വെച്ച് ഭര്‍ത്താവ് കളളക്കേസില്‍ ജയിലിലായെന്നും തൂക്കിക്കൊല്ലാന്‍ വിധിച്ചെന്നുമായിരുന്നു ഷാഫിയുടെ നിര്‍ദേശ പ്രകാരം ശ്രീദേവി പറഞ്ഞത്. ഒടുവില്‍ ആഭിചാരത്തിന്റെ സഹായത്താല്‍ രക്ഷപ്പെട്ടുവെന്നും പറഞ്ഞു.

റോസാപ്പൂവ് പ്രൊഫൈല്‍ ചിത്രമായുളള 'ശ്രീദേവി'യുമായി മൂന്ന് വര്‍ഷത്തോളമാണ് ഭഗവല്‍ സിംഗ് നിരന്തരം ചാറ്റ് നടത്തിയത്. ആ വിശ്വാസമായിരുന്നു ഷാഫിയുടെ ആയുധമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഒടുവില്‍ പൊലീസ് ക്ലബ്ബില്‍ വെച്ച് ഷാഫിയാണ് 'ശ്രീദേവി' എന്ന് ഡിസിപി വെളിപ്പെടുത്തിയപ്പോഴാണ് ഭഗവല്‍ സിംഗ് നിജസ്ഥിതി അറിയുന്നത്. 'തന്നെ വഞ്ചിച്ചല്ലോ' എന്നായിരുന്നു ഇതിനോടുളള ഭഗവല്‍ സിംഗിന്റെ പ്രതികരണം. ഇതുകേട്ട് ലൈലയും തകര്‍ന്നു പോയെന്നും പിന്നീട് അവര്‍ പത്മയേയും റോസ്‌ലിയേയും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു.

Story Highlights: Police Retrieved Shafi's Fake Facebook Account

Next Story