Top

'ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ല'; രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്

രോഗിക്ക് അസ്വസ്ഥതയുണ്ടായ കാര്യം ബന്ധുക്കള്‍ അറിയിച്ചപ്പോള്‍ അതൊക്കെ ഉണ്ടാകുമെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുകയാണ് ഹെഡ് നഴ്‌സ് ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്

1 Nov 2022 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ല; രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്
X

കോഴിക്കോട്: കുത്തിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന മരുന്ന് മുന്നൊരുക്കങ്ങളൊന്നും പാലിക്കാതെ ലാഘവത്തോടെയാണ് നല്‍കിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പനി ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനമ്പാടി സ്വദേശി സിന്ധുവായിരുന്നു മരിച്ചത്.

നഴ്‌സിങ് പരിശീലനത്തിന് വന്ന വിദ്യാര്‍ത്ഥിയാണ് കുത്തിവെപ്പെടുത്തത്. മരുന്ന് കുത്തിവെച്ച ശേഷം മൊബൈലില്‍ സംസാരിച്ച് അവര്‍ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. രോഗിയെ നിരീക്ഷിക്കാന്‍ ഡോക്ടറോ നഴ്‌സോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രോഗിക്ക് അസ്വസ്ഥതയുണ്ടായ കാര്യം ബന്ധുക്കള്‍ അറിയിച്ചപ്പോള്‍ അതൊക്കെ ഉണ്ടാകുമെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുകയാണ് ഹെഡ് നഴ്‌സ് ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

മരുന്നിന് റിയാക്ഷന്‍ ഉണ്ടായാല്‍ ഉടന്‍ നല്‍കേണ്ട മറുമരുന്ന് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നില്ല. രണ്ട് ഡോക്ടര്‍മാര്‍ വാര്‍ഡില്‍ ഉണ്ടാകണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. സംഭവം നടന്ന് 20 മിനിറ്റിന് ശേഷമാണ് നഴ്‌സ് വിളിച്ചറിയിച്ചത് അനുസരിച്ച് ഡോക്ടര്‍ എത്തിയത്. പിന്നീട് മറ്റൊരു ഡോക്ടറെയും വിളിച്ചു വരുത്തിയെങ്കിലും നെഞ്ചിടിപ്പ് പരിശോധിക്കുക മാത്രമാണ് ചെയ്തത്. മറുമരുന്ന് നല്‍കുകയോ ഓക്‌സിജന്‍ നല്‍കുകയോ ചെയ്തില്ല. രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആശുപത്രി ജീവനക്കാര്‍ നടത്തിയില്ലെന്നും പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഡെങ്കിപ്പനി പോലുള്ള അവസ്ഥയില്‍ ജീവന്‍രക്ഷാ മരുന്നായി ഉപയോഗിക്കുന്ന മരുന്നാണ് സിന്ധുവിന് കുത്തിവെച്ചത്. സിന്ധുവിന് ഡെങ്കിപ്പനി ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റ് ആശുപത്രികളില്‍ ഈ ഇന്‍ഞ്ചെക്ഷന്‍ സൂക്ഷിച്ചേ ഉപയോഗിക്കാറുള്ളൂ എന്നാണ് പൊലീസിന് ലഭിച്ച വിവരം. സിന്ധുവിനെ ആദ്യം ചികിത്സിച്ച ഹെല്‍ത്ത് സെന്ററിലും വീട്ടിലുമെന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. മരുന്ന് മാറിയതല്ല, പാര്‍ശ്വഫലം കാരണമാണ് രോഗി മരിച്ചത് എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിലും പറഞ്ഞിരുന്നത്.

Story Highlights: Police Report Against Kozhikode Medical College

Next Story

Popular Stories